Home Top Storiesസത്യപ്രതിജ്ഞാ വേദിയിലെ വിഐപി സാന്നിധ്യം: രാജ്ഭവൻ നിർദ്ദേശം തള്ളി യുഡിഎഫ്; തലസ്ഥാനത്ത് കർശന ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ വേദിയിലെ വിഐപി സാന്നിധ്യം: രാജ്ഭവൻ നിർദ്ദേശം തള്ളി യുഡിഎഫ്; തലസ്ഥാനത്ത് കർശന ഗതാഗത നിയന്ത്രണം

by news_desk
0 comments

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദി പങ്കിടുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവനും യുഡിഎഫ് നേതൃത്വവും തമ്മിൽ ഭിന്നത. വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന രാജ്ഭവന്റെ കർശന നിർദ്ദേശം തള്ളിക്കൊണ്ട് ദേശീയ നേതാക്കളെയും വിശിഷ്ടാതിഥികളെയും വേദിയിൽ ഇരുത്താനാണ് യുഡിഎഫ് തീരുമാനം. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്വീകരിച്ച മാതൃക കേരളത്തിലും വേണമെന്നാണ് നിയുക്ത മുഖ്യമന്ത്രിയുടെ നിലപാട്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തുന്നുണ്ടെന്ന് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗം രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇതിനോട് യോജിക്കാൻ കഴിയില്ലെന്നാണ് രാജ്ഭവന്റെ നിലപാട്. ഈ ഭിന്നത നിലനിൽക്കെത്തന്നെ, സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ വേദിയിലെത്തുമെന്നാണ് സൂചന.

അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ വിപുലമായ ഒരുക്കങ്ങളും കർശന സുരക്ഷയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുഗമമായ വാഹനസഞ്ചാരത്തിനായി നഗരത്തിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണി വരെ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാസ് ഉള്ളവർക്ക് മാത്രമാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 8 മണി മുതൽ 9 മണി വരെ മാത്രമായിരിക്കും പ്രവേശന സമയം. സ്റ്റേഡിയത്തിലേക്ക് നേരിട്ടെത്താൻ കഴിയാത്ത ജനങ്ങൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തത്സമയ സംപ്രേഷണം കാണുന്നതിനായി എൽഇഡി സ്ക്രീനുകളും പൊതുഭരണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

You may also like