കേരളം പുതിയൊരു രാഷ്ട്രീയ അധ്യായത്തിലേക്ക് കടക്കുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം അധികാരമാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ ദിനം ഒരു സർക്കാർ മാറുന്നതിന്റെ രാഷ്ട്രീയ നിമിഷം മാത്രമല്ല; മറിച്ച് പുതിയ പ്രതീക്ഷകളുടെയും പുതുക്കപ്പെട്ട ഉത്തരവാദിത്തങ്ങളുടെയും തുടക്കവുമാണ്. കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേൽക്കുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ ഏറെ പ്രതീക്ഷയോടെയും അതേസമയം വലിയ വെല്ലുവിളികളോടെയും ആണ് മലയാളി സമൂഹം നോക്കിക്കാണുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കടന്നുപോയ വഴികൾ എളുപ്പമല്ലായിരുന്നു. പ്രളയങ്ങൾ, മഹാമാരി, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ, സാമൂഹിക ധ്രുവീകരണ ശ്രമങ്ങൾ-ഇതെല്ലാം കേരളത്തിന്റെ സാമൂഹിക ഘടനയെ പലവട്ടം പരീക്ഷിച്ചു. എന്നാൽ ഓരോ പ്രതിസന്ധിയെയും അതിജീവിക്കുമ്പോഴും കേരളം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയത് മാനവികതയുടെ മാതൃകയായിരുന്നു.
രാഷ്ട്രീയം, മതം, ജാതി എന്നിവയെ മറികടന്ന് ‘നാട്’ എന്ന പൊതുബോധത്തിനുകീഴിൽ ഒന്നിക്കാനായതാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. എന്നാൽ അതിനൊപ്പം ആശങ്കാജനകമായ മാറ്റങ്ങളും സമൂഹത്തിൽ പ്രകടമായി. പൊതുചർച്ചകളിലെ സംവാദ സംസ്‌കാരം ക്ഷയിക്കുകയും വിയോജിപ്പുകളെ വൈരമായി ചിത്രീകരിക്കുന്ന അപകടകരമായ പ്രവണത ശക്തമാവുകയും ചെയ്തു. പുരോഗമനത്തിന്റെ പേരിൽ അഭിമാനിക്കുന്ന സമൂഹം പോലും ചില ഘട്ടങ്ങളിൽ അസഹിഷ്ണുതയുടെ ഇരുണ്ട വഴികളിലേക്ക് നീങ്ങുന്നതായി തോന്നി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ വൈരങ്ങളായി മാറുന്ന കാഴ്ചകളും സമൂഹമാധ്യമങ്ങളിലെ വിഷവാതാവും ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഭീഷണിയായി. അത്തരം ഘട്ടങ്ങളിൽ പോലും കേരളം ഒടുവിൽ തിരിച്ചു പിടിച്ചത് മാനവികതയുടെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെയാണ്. പുതിയ ഭരണത്തിന്റെ തുടക്കത്തിൽ പ്രതീക്ഷ നൽകുന്ന ചില മനോഹര കാഴ്ചകളും ഉണ്ടായി. നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ സന്ദർശിച്ചതും, മുൻ സർക്കാർ ആരംഭിച്ച നല്ല പദ്ധതികൾ തുടരുമെന്ന് വ്യക്തമാക്കിയതും കേരള രാഷ്ട്രീയത്തിന്റെ പക്വതയെ അടിവരയിടുന്ന സന്ദേശങ്ങളാണ്.
ഭരണങ്ങൾ മാറാം; പക്ഷേ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും തുടർച്ചയായ പ്രക്രിയയാണെന്ന ബോധ്യമാണ് അതിലൂടെ ഉയർന്നത്. അതാണ് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ സൗന്ദര്യവും. എന്നാൽ പുതിയ സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ അതീവ ഗുരുതരമാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. വിദ്യാഭ്യാസമുള്ള യുവാക്കൾ അവസരങ്ങൾ തേടി സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും ഒഴുകുന്നു. ആരോഗ്യരംഗം നിരവധി മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാ സംവിധാനങ്ങളിലും വലിയ സമ്മർദ്ദങ്ങൾ നിലനിൽക്കുന്നു. വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധിയും ചെറുകിട വ്യാപാര രംഗത്തെ തളർച്ചയും ഗൗരവമുള്ളതാണ്. കേന്ദ്ര അവഗണനയും സാമ്പത്തിക നിയന്ത്രണങ്ങളും സംസ്ഥാന വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഭരണകൂടം ഒറ്റയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷ യാഥാർഥ്യബോധമുള്ളതല്ല. അതേസമയം, പ്രതിപക്ഷം വെറും വിമർശന രാഷ്ട്രീയത്തിൽ ഒതുങ്ങുകയും പാടില്ല.
കേരളത്തിന്റെ മുന്നേറ്റം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഒരുപോലെ ധാർമിക ഉത്തരവാദിത്തമാണ്. എതിർപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ ശക്തിയാണ്; എന്നാൽ അത് നാടിന്റെ പുരോഗതിയെ തടയാനുള്ള ഉപാധിയാകരുത്. ജനങ്ങളുടെ വിഷയങ്ങളിൽ സർക്കാർ-പ്രതിപക്ഷ സഹകരണം ശക്തമാകേണ്ട സമയം കൂടിയാണിത്. മാറുന്ന ലോകക്രമത്തിൽ കേരളത്തിനും പുതിയ ദിശാബോധം ആവശ്യമാണ്. സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ്, ടൂറിസം, കാർഷിക നവീകരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ച ദീർഘദർശിയുള്ള ഭരണമാണ് കാലത്തിന്റെ ആവശ്യം. ജനക്ഷേമവും വികസനവും ഒരുപോലെ കൈകോർക്കുന്ന ‘നവകേരള’ മാതൃക രാജ്യത്തിനുതന്നെ പ്രചോദനമാകുന്ന രീതിയിൽ വാർത്തെടുക്കാൻ പുതിയ മന്ത്രിസഭയ്ക്ക് കഴിയണം. പുതുമുഖങ്ങളുടെ ഊർജവും പരിചയസമ്പന്നരുടെ പക്വതയും ചേർന്ന ഈ സംഘത്തിന് മുന്നിലുള്ളത് ചരിത്രപരമായ അവസരമാണ്. അധികാരം ആഘോഷത്തിന്റെ വേദിയല്ല, ഉത്തരവാദിത്തത്തിന്റെ പരീക്ഷണശാലയാണെന്ന തിരിച്ചറിവോടെ പുതിയ സർക്കാർ പ്രവർത്തിക്കണം. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാനും കേരളത്തിന്റെ ജനാധിപത്യ-മതേതര പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും പുതിയ ഭരണത്തിന് കഴിയട്ടെ. മലയാള മണ്ണിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഏറ്റെടുത്ത് പുതിയ സർക്കാർ മുന്നേറട്ടെയെന്ന ആശംസകളോടെ.

