തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്, ബിന്ദു കൃഷ്ണ, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം ലഭിച്ചത്. ഐ സി ബാലകൃഷ്ണനും കെ എ തുളസിയും ടേം വ്യവസ്ഥ പ്രകാരമായിരിക്കും മന്ത്രിസഭയില്‍ ഉള്‍പ്പെടുക.
മന്ത്രിപ്പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി. വകുപ്പുകളുടെ അന്തിമ വിഭജനം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. വകുപ്പ് സംബന്ധിച്ച ശുപാര്‍ശ നാളെ സമര്‍പ്പിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പുതിയ രാഷ്ട്രീയ ദിശയിലേക്ക് കടക്കുകയാണെന്നും ഭരണത്തില്‍ സുതാര്യതക്കും ഉത്തരവാദിത്വത്തിനും പ്രാധാന്യം നല്‍കുമെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ലെന്നും തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അനാവശ്യ സമ്മര്‍ദ്ദങ്ങളോ വീതംവെപ്പോ നടന്നിട്ടില്ലെന്ന് വി ഡി സതീശൻ പ്രതികരിച്ചു. താന്‍ പുതിയ കാര്‍ വാങ്ങില്ലെന്നാണ് പറഞ്ഞതെന്നും കറുത്ത കാര്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍വോയില്‍ മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വകുപ്പ് വിഭജനത്തില്‍ വി ഡി സതീശന് ധനവും പൊതുഭരണവും തുറമുഖവും ലഭിക്കുമെന്നാണ് സൂചന. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും, സണ്ണി ജോസഫിന് റവന്യൂവും, കെ മുരളീധരന് വൈദ്യുതിവകുപ്പും, എ പി അനില്‍കുമാറിന് ആരോഗ്യവകുപ്പും ലഭിക്കുമെന്നാണ് വിവരം. ടി സിദ്ദിഖിന് വനം, പി സി വിഷ്ണുനാഥിന് ടൂറിസം-സാംസ്കാരികം, ബിന്ദു കൃഷ്ണയ്ക്ക് വനിത-ശിശുക്ഷേമം, ഒ ജെ ജനീഷിന് യുവജനക്ഷേമം, എം ലിജുവിന് എക്സൈസ് എന്നീ വകുപ്പുകളും ലഭിച്ചേക്കും.
ഘടകകക്ഷികളില്‍ മുസ്ലിം ലീഗില്‍നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചു. ആര്‍എസ്പിയില്‍നിന്ന് ഷിബു ബേബി ജോണ്‍, സിഎംപിയില്‍നിന്ന് സിപി ജോണ്‍, കേരള കോണ്‍ഗ്രസ് വിഭാഗത്തില്‍നിന്ന് മോന്‍സ് ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍നിന്ന് അനൂപ് ജേക്കബ് എന്നിവരും മന്ത്രിസഭയിലെത്തും. മാണി സി കാപ്പന് ടേം വ്യവസ്ഥ പ്രകാരമാണ് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്.

