തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സതീശന്റെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിക്ക് പിന്നാലെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയുക്ത മന്ത്രിമാരിൽ രണ്ടാമതായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഒപ്പമധികാരമേറ്റു. സ്റ്റേഡിയത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാർ. മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, യു.ഇ. അബ്ദുൾ ഗഫൂർ എന്നിവരും ഘടകകക്ഷികളിൽ നിന്ന് ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി അനൂപ് ജേക്കബും എൻസിപി ഭാരതീയൻ നേതാവ് മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും തുടർന്നുള്ള കാലയളവിൽ മാണി സി. കാപ്പനും മന്ത്രിസ്ഥാനം കൈകാര്യം ചെയ്യും. യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്.
അതിനിടെ, മന്ത്രിമാരുടെ വകുപ്പുവിഭജനത്തിൽ അവസാന നിമിഷം നിർണ്ണായക മാറ്റങ്ങളുണ്ടായതായാണ് സൂചന. കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലാണ് പ്രധാന പുനഃക്രമീകരണം നടക്കുന്നത്. തനിക്ക് അനുവദിച്ച വൈദ്യുതി വകുപ്പിൽ താല്പര്യമില്ലെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പകരം ആരോഗ്യവും ദേവസ്വവും വേണമെന്ന മുരളീധരന്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശനും ഹൈക്കമാൻഡും അംഗീകരിച്ചതായാണ് വിവരം. ഘടകകക്ഷികളുടെ ചില വകുപ്പുകളിലും നേരിയ വെട്ടിത്തിരുത്തലുകൾ ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ ദേശീയ-സംസ്ഥാന നേതാക്കളുടെ വൻ നിര ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്തെത്തിയിരുന്നു. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പുതിയ സർക്കാരിന്റെ അധികാരാരോഹണ ചടങ്ങിൽ പങ്കെടുത്തു.പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സത്യപ്രതിജ്ഞാ വേദിയിൽ തന്നെ ഇരിപ്പിടം ഒരുക്കിയത് ചടങ്ങിന്റെ പ്രധാന സവിശേഷതയായി.

