ന്യൂഡൽഹി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന കോടതി ഉത്തരവിനെതിരെ മൃഗസ്‌നേഹികൾ നൽകിയ അപേക്ഷ സുപ്രീംകോടതി തള്ളി. മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ച കോടതി, മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്നും വ്യക്തമാക്കി. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപേക്ഷയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. മൂന്ന് ഭാഗങ്ങളായാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
രാജ്യത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്നും എയർപോർട്ടുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പൊതുയിടങ്ങളിൽ നിന്ന് നായ്ക്കളെ പൂർണ്ണമായി മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുണ്ടാകുന്ന തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ ഭീതിജനകമായ കണക്കുകളും വിധിയിൽ നിരത്തി. തെരുവ്നായ ശല്യം ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമാണെന്ന് സുപ്രീംകോടതി കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയാണ്.
ആനിമൽ ബർത്ത് കൺട്രോൾ (ABC) ചട്ടങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചയാണ് രാജ്യത്ത് ഇത്രയും ഭീതിയുളവാക്കുന്ന സാഹചര്യത്തിന് ഇടയാക്കിയത്. ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു. ഇനിമുതൽ എല്ലാ ജില്ലാ തലത്തിലും പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി സെന്ററെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പം നായ്ക്കൾക്ക് നൽകാനുള്ള ആന്റി റാബിസ് വാക്സിൻ ലഭ്യത അധികൃതർ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു. ഈ സുപ്രീംകോടതി ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ നേരിട്ട് വിലയിരുത്തണം. ഇതിനായി ഹൈക്കോടതികളിൽ പ്രത്യേക രണ്ടംഗ ബെഞ്ചുകൾ രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

