കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തി പണം തട്ടിയെടുത്ത ഏഷ്യൻ വംശജയായ യുവതിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരെ എത്തിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്ത് അപ്രത്യക്ഷമാകുകയായിരുന്നു പ്രതിയുടെ രീതി.
മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഡിറ്റക്ടീവ് സംഘമാണ് പരാതികളെ തുടർന്ന് അന്വേഷണം നടത്തി യുവതിയെ പിടികൂടിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസിയെന്ന തരത്തിൽ പ്രവർത്തിച്ച പ്രതി, വീട്ടുജോലിക്കാരെ ആവശ്യമുള്ളവരുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു.
വ്യാജ തൊഴിലാളികളുടെ ചിത്രങ്ങളും വ്യാജ കരാർ രേഖകളും അയച്ച് വിശ്വാസം നേടിയ ശേഷം ഓരോരുത്തരിൽ നിന്നും 300 മുതൽ 500 കുവൈത്ത് ദിനാർ വരെ അഡ്വാൻസ് തുകയായി വാങ്ങിയതായാണ് കണ്ടെത്തൽ. പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ ഉടൻ ഉപഭോക്താക്കളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ഫോൺ ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട അഞ്ച് കുവൈത്ത് സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയത്. സാങ്കേതിക പരിശോധനകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വിജയകരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
തട്ടിപ്പിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകളും നിരവധി വ്യാജ സിം കാർഡുകളും യുവതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സുരക്ഷാ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

