കൊച്ചി: വിവാഹത്തിന് മുൻപേ തന്നെ അഭിനയ ജീവിതം അവസാനിപ്പിക്കണമെന്ന് നടിപാർവതി തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. നടൻ ജയറാമിനോടും അഭിനയം നിർത്തി മറ്റൊരു തൊഴിൽ അല്ലെങ്കിൽ ബിസിനസിലേക്ക് മാറാമെന്നായിരുന്നു പാർവതിയുടെ അഭിപ്രായമെന്നും ഉർവശി പറഞ്ഞു.
പുതിയ ചിത്രമായ പരിമളം ആൻഡ് കോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഉർവശിയുടെ പ്രതികരണം. വിവാഹശേഷമല്ല, വിവാഹത്തിന് മുൻപേ തന്നെ സിനിമ വിടണമെന്ന് പാർവതി തീരുമാനിച്ചിരുന്നുവെന്ന് ഉർവശി വ്യക്തമാക്കി.
“പല തരത്തിലുള്ള കഥാപാത്രങ്ങൾ പാർവതി ഇതിനോടകം ചെയ്തുകഴിഞ്ഞിരുന്നു. അതുകൊണ്ട് അഭിനയത്തിൽ നിന്ന് മാറണമെന്ന ആഗ്രഹം അവൾക്കുണ്ടായിരുന്നു. എന്നാൽ എനിക്ക് കൂടുതൽ സിനിമകൾ ചെയ്യണമെന്നായിരുന്നു തോന്നിയത്. ജയറാമിനൊപ്പമുള്ള സിനിമകളും പ്രണയവും ശ്രദ്ധ നേടിയ കാലത്തുതന്നെ വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്ന് പാർവതി തീരുമാനിച്ചിരുന്നു,” ഉർവശി പറഞ്ഞു.
ജയറാം ഒരിക്കലും അഭിനയമൊഴിയണമെന്ന് പറഞ്ഞിട്ടില്ലെന്നും മറിച്ച് “നമ്മൾ രണ്ടുപേരും സിനിമ ചെയ്യേണ്ട, വേറെ ജോലി നോക്കാം അല്ലെങ്കിൽ ബിസിനസ് ചെയ്യാം” എന്ന നിലപാടായിരുന്നു പാർവതിക്കുണ്ടായിരുന്നതെന്നും ഉർവശി കൂട്ടിച്ചേർത്തു.
അതേസമയം, ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പരിമളം ആൻഡ് കോ. സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ചിത്രം ക്രൈം-കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മിഷ്കിൻ, യോഗി ബാബു , സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

