തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ സത്യപ്രതിജ്ഞയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. “വടശേരി ദാമോദരൻ മേനോൻ സതീശൻ” എന്ന രീതിയിൽ പേര് ഉപയോഗിച്ചതിനെതിരെയാണ് ജിന്റോ ജോണിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ എന്ന് അറിയപ്പെട്ടാൽ മതി. അതാണ് അതിന്റെ സൗന്ദര്യം” എന്നാണ് പോസ്റ്റിൽ പറയുന്നത്.
“പഞ്ച് കുറയുകയാണെങ്കിലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് കൂടുതൽ ഉൾക്കൊള്ളുന്ന രാഷ്ട്രീയമായിരിക്കും. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങളുമാണ്. അല്പം ഇടതുപക്ഷ സ്വഭാവമുള്ള കോൺഗ്രസ് ബോധ്യമാണ് എനിക്കുള്ളത്,” എന്നും ജിന്റോ ജോൺ കുറിച്ചു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പേരുപയോഗം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നത്.

