Home Top Storiesഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന്; വി അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും, ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ധാരണ

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന്; വി അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും, ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ധാരണ

by news_desk1
0 comments

തിരുവനന്തപുരം: മന്ത്രിസഭാ വകുപ്പുവിഭജന ചര്‍ച്ചകള്‍ക്കൊടുവില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്‍കാന്‍ ധാരണയായി. വി അബ്ദുല്‍ ഗഫൂര്‍ ഫിഷറീസ്, സാമൂഹിക നീതി വകുപ്പുകളുടെ ചുമതല വഹിക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ വകുപ്പുകളുടെ അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം.

ഫിഷറീസ് വകുപ്പ് വിട്ടുനല്‍കുന്നതിനെതിരെ ലത്തീന്‍ സഭ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നുവെങ്കിലും അതിനെ മറികടന്നാണ് ധാരണയിലെത്തിയത്. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിചയവും അറിവുമുള്ള ആളെ മന്ത്രിയാക്കണമെന്നായിരുന്നു സഭയുടെ ആവശ്യം.

അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നല്‍കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്യാനാണ് ധാരണ. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വേര്‍തിരിച്ച പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഇത്തവണയും പ്രത്യേക വകുപ്പുകളായി തുടരുമെന്നാണ് വിവരം.

ഫിഷറീസ് വകുപ്പ് കൈമാറുന്നതിനെതിരെ ലത്തീന്‍ സഭ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനോട് അതൃപ്തി അറിയിച്ചിരുന്നു. വിഷയത്തില്‍ അനുനയ ചര്‍ച്ചകളുടെ ഭാഗമായി മന്ത്രിമാരായ കെ മുരളീധരൻ,സി പി ജോൺ എന്നിവര്‍ ലത്തീന്‍ അതിരൂപത ആസ്ഥാനത്ത് എത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി.

You may also like