തെരുവുനായ ശല്യം ഇന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പൊതുസുരക്ഷാ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും വയോധികരെയും പോലും ക്രൂരമായി ആക്രമിക്കുന്ന സംഭവങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ജനങ്ങൾ ഭയമില്ലാതെ തെരുവിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ രൂപപ്പെട്ടിരിക്കുന്നു. മനുഷ്യജീവന്റെ സുരക്ഷയെക്കാൾ വലിയ ഒരു അവകാശവും ഈ സമൂഹത്തിൽ ഇല്ലെന്ന യാഥാർത്ഥ്യം ഇനി ഭരണകൂടങ്ങളും സംവിധാനങ്ങളും തിരിച്ചറിയേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായകളെ ദയാവധത്തിന് വിധേയമാക്കാമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണപ്പെടേണ്ടത്. മൃഗസ്നേഹത്തിന്റെ പേരിൽ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം അവഗണിക്കാനാവില്ല.
അതേസമയം മൃഗങ്ങളോടുള്ള കരുണയും സംരക്ഷണബോധവും തള്ളിക്കളയാനും പാടില്ല. മനുഷ്യസ്നേഹവും മൃഗസ്നേഹവും പരസ്പരം വിരുദ്ധമല്ല; രണ്ടും ഒരേ തുലാസിൽ നിലകൊള്ളേണ്ട മൂല്യങ്ങളാണ്. എന്നാൽ ഒരു സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വം മനുഷ്യജീവനെ സംരക്ഷിക്കലാണ്. അതിനാൽ തന്നെ അക്രമാസക്തവും രോഗബാധിതവും മനുഷ്യർക്കു നേരിട്ട് ഭീഷണിയാകുന്നതുമായ തെരുവുനായകളെ നിയന്ത്രിക്കുന്നതിൽ ശക്തമായ നടപടികൾ അനിവാര്യമാണ്. ദയാവധം പോലും എബിസി ചട്ടങ്ങൾക്കും നിയമപരമായ മാനദണ്ഡങ്ങൾക്കും വിധേയമായി മാത്രം നടപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം ഈ വിഷയത്തിലെ ഭരണഘടനാപരമായ സമതുലിത സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. ആശുപത്രികൾ, സ്കൂളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായകളെ അടിയന്തരമായി മാറ്റണമെന്നും കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായി കോടതി ഉത്തരവുകളും നിർദ്ദേശങ്ങളും നിലനിൽക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തിൽ കാട്ടിയ അനാസ്ഥയാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.
വന്ധ്യംകരണ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിലും തെരുവുനായകളുടെ കണക്കെടുപ്പ് നടത്തുന്നതിലും പ്രാദേശിക സ്ഥാപനങ്ങൾ വലിയ വീഴ്ച വരുത്തി. ഭക്ഷ്യാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരങ്ങളും തെരുവുനായകളുടെ വർധനവിന് പ്രധാന കാരണങ്ങളായി മാറിയിട്ടും അടിസ്ഥാനപരമായ പരിഹാരനടപടികൾ പല പ്രദേശങ്ങളിലും ഉണ്ടായില്ല. ഫലമായി സാധാരണ ജനങ്ങളാണ് ജീവഭീതിയോടെ കഴിയേണ്ടിവരുന്നത്. പുതിയ സർക്കാർ അധികാരമേറ്റിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണ്. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് സംസ്ഥാനതലത്തിൽ ശക്തമായ പ്രവർത്തനപദ്ധതി രൂപീകരിക്കണം. താഴെത്തട്ടിൽ മുതൽ മുകളിലത്തേതുവരെ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്ത് സമയബന്ധിത പ്രവർത്തനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. തെരുവുനായ ആക്രമണങ്ങളിൽ ഇരയാകുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനോടൊപ്പം പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തണം. സമൂഹത്തിന്റെ സുരക്ഷയും മാനവികതയും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സമതുലിത സമീപനമാണ് ഈ വിഷയത്തിൽ ആവശ്യം. നിയമവും കരുണയും ചേർന്നൊരു പ്രായോഗിക നയത്തിലൂടെയാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തേണ്ടത്. ജനങ്ങൾ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുകയും അതോടൊപ്പം മൃഗങ്ങളോടുള്ള ഉത്തരവാദിത്വബോധം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടയാളം.

