പുതുപ്പള്ളി: മന്ത്രിസ്ഥാനം ലഭിക്കാനായി ആരെയും സമീപിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തേക്ക് സ്വീകരണ യാത്ര സംഘടിപ്പിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ചില പ്രവർത്തകർ ആവേശത്തിൽ ഫ്ലക്‌സുകളും പ്രഖ്യാപനങ്ങളും നടത്തിയതാണെന്നും അവ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വഴിയിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും പിതാവ് ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം തേടിയാണ് പുതുപ്പള്ളിയിലെത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വി ഡി സതീശൻ മന്ത്രിസഭയിൽ താൻ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും മന്ത്രിസ്ഥാനത്തിനായി ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പരിഗണിച്ചാൽ സന്തോഷം, പരിഗണിച്ചില്ലെങ്കിലും വിഷമമില്ല” എന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് മന്ത്രിസഭയെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നതെന്നും പുറത്തുവന്ന പട്ടികയിൽ പലരും മന്ത്രിസഭയിലെത്തിയത് ജനങ്ങളിൽ പ്രതീക്ഷ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ ഇതുസംബന്ധിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം അറിയില്ലെന്നും, രാഷ്ട്രീയജീവിതത്തിൽ യാതൊരു കറയും ഏൽക്കാതിരിക്കാൻ ദൈവം തന്നൊരു തീരുമാനം ആകാമിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവ് ഉമ്മൻ ചാണ്ടിക്കെതിരെ വർഷങ്ങളോളം ഉയർന്ന ആരോപണങ്ങൾക്ക് കാരണം മുഖ്യമന്ത്രി പദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

