പാലക്കാട്: ചക്കയിടുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സ്വദേശിയായ സുരേഷ് കുമാർ (57) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഭക്ഷണത്തിനായി ചക്ക പറിക്കാനാണ് സുരേഷ് കുമാർ പ്ലാവിൽ കയറിയത്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വീഴ്ചയിൽ പ്ലാവിന് താഴെയുണ്ടായിരുന്ന കല്ലിൽ തല ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ഉടൻ സമീപത്തെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.

