Home Keralaഓണറേറിയം വർധനയ്ക്ക് പിന്നാലെ ആശാ പ്രവർത്തകരുടെ ആഘോഷം; സംഗമ വേദിയിൽ പ്രേംകുമാർ

ഓണറേറിയം വർധനയ്ക്ക് പിന്നാലെ ആശാ പ്രവർത്തകരുടെ ആഘോഷം; സംഗമ വേദിയിൽ പ്രേംകുമാർ

by news_desk1
0 comments

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു വിഭാഗം ആശാ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പായസ വിതരണം ഉൾപ്പെടെ സംഘടിപ്പിച്ചാണ് പ്രവർത്തകർ തീരുമാനം സ്വാഗതം ചെയ്തത്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ആശാ പ്രവർത്തകരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപ വർധന പ്രഖ്യാപിച്ചത്. ഇതോടെയാണ് ദീർഘകാലമായി ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന പ്രവർത്തകർ പ്രതികരണവുമായി രംഗത്തെത്തിയത്.

സംഗമ വേദിയിലെത്തിയ നടൻ പ്രേംകുമാർ ആശാ പ്രവർത്തകരുടെ സമരത്തെ അഭിനന്ദിച്ചു. പലവിധ വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടും സമരത്തിൽ നിന്ന് പിന്നോട്ടില്ലാതെ നിന്നത് വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമരത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ ലഭിച്ചെന്നും സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾ അതിന്റെ പ്രതിഫലനമാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. തനിക്ക് പ്രത്യേക അംഗീകാരമോ പരിവേഷമോ ആവശ്യമില്ലെന്നും സാധാരണ മനുഷ്യനെന്ന നിലയിലാണ് സമരത്തിനൊപ്പം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വൈകാതെ നടപ്പാക്കണമെന്നും തൊഴിലാളി സമരങ്ങളോടുള്ള സമീപനത്തിൽ ഭാവിയിൽ കൂടുതൽ കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

You may also like