Home Top Storiesഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുൻപ് ധ്രുവ് റാഠി കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുൻപ് ധ്രുവ് റാഠി കസ്റ്റഡിയിൽ

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഗുരുഗ്രാമിലെ സെക്ടർ 66-ലുള്ള വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് നടപടി. അമ്പതോളം പൊലീസുകാർ ഇന്നലെ മുതൽ തന്നെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നുവെന്നും രാവിലെ 7.48ഓടെ വീടിനുള്ളിലേക്ക് ഇരച്ചുകയറിയാണ് റാഠിയെ കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.

ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതിനെതിരെ സിജെപി രൂക്ഷമായി പ്രതികരിച്ചു. യുവാക്കളെ കണ്ട് ഏകാധിപതി ഭയപ്പെടുകയാണെന്നായിരുന്നു സംഘടനയുടെ വിമർശനം. റാഠിക്ക് പുറമെ സിപിഐഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് എത്തുന്ന അഭിജിത് ദീപ്‌കെയടക്കമുള്ളവരെ വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

കേന്ദ്ര സർക്കാരിന്റെ നടപടിയെ സിജെപി ശക്തമായി അപലപിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് കസ്റ്റഡിയിലാക്കലുകളെന്ന് സംഘടന ആരോപിച്ചു. ധ്രുവ് റാഠിയെയും കസ്റ്റഡിയിലുള്ള നൂറുകണക്കിന് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടൻ ഉപാധികളില്ലാതെ വിട്ടയക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

പ്രതിഷേധം തടയാൻ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ മാത്രമല്ല, കൂട്ടംകൂടുന്നവരെയും കാൽനടയാത്രക്കാരെയും ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമാണെന്നാണ് ആരോപണം.

രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കാശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 ഡൽഹി മെട്രോ സ്റ്റേഷനുകളിലെ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ അടച്ചിട്ടു. പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലെത്തേണ്ടിയിരുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 250-ലധികം ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ജൻപഥ്–കർത്തവ്യപഥ് ജംഗ്ഷന് ചുറ്റുമുള്ള നാലു കിലോമീറ്റർ പരിധിയിൽ 24 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ഗതാഗത-വാർത്താവിനിമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഡൽഹിയിൽ രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

You may also like