തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലെ ഒരു ചോദ്യവും അതിന് മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ പ്രതികരണവുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മുഖഭാവവും മറുപടിയുമാണ് യുവാക്കൾക്കിടയിൽ വൈറലായി മാറിയത്.
മലപ്പുറം നിലമ്പൂർ സ്വദേശിയും യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററുമായ ഫിജിനാണ് ചോദ്യം ഉന്നയിച്ചത്. വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡിഫിക്കേഷൻ വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്നായിരുന്നു ഫിജിന്റെ ചോദ്യം.
ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് മുഖ്യമന്ത്രി പ്രകടിപ്പിച്ച സൗഹൃദപരമായ പ്രതികരണവും ചിരിയുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ നിരവധി റീലുകളും ട്രെൻഡുകളും രൂപപ്പെട്ടു.
വീഡിയോ വൈറലായതോടെ വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് ഫിജിൻ പറഞ്ഞു. വീഡിയോ ലക്ഷക്കണക്കിന് ആളുകളിലെത്തിയെന്നും നിരവധി പേർ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചു. യുവാവിന്റെ ചോദ്യം കേട്ടപ്പോൾ സ്വാഭാവികമായൊരു സ്നേഹപ്രകടനമായിരുന്നു തന്റെ പ്രതികരണമെന്നും യുവാക്കളുടെ ആഗ്രഹങ്ങൾ കേൾക്കുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.
ഫിജിനെ നേരിൽ കാണാനുള്ള താൽപര്യവും മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. യുവാക്കളുമായി സംവദിക്കുന്ന രീതിയിലൂടെ ശ്രദ്ധ നേടിയ ഈ നിമിഷം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയായി തുടരുകയാണ്.

