തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിലെ താൽക്കാലിക സ്പീക്കറായ (പ്രോ ടെം സ്പീക്കർ) ജി. സുധാകരൻ മുൻപാകെയായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. യുഡിഎഫ് നിരയിലെ ഇടതുപക്ഷ പശ്ചാത്തലമുള്ള ജനപ്രതിനിധികളും എൽഡിഎഫ് നിരയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്. മറ്റുള്ളവർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചൊല്ലി.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിച്ചത്. കളമശേരിയിൽ നിന്നുള്ള ജനപ്രതിനിധിയും പുതിയ ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂറാണ് സഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ കന്നി അംഗം കൂടിയാണ് അദ്ദേഹം. ആദ്യം സത്യപ്രതിജ്ഞ പൂർത്തിയാക്കിയ അഞ്ച് എംഎൽഎമാരും ഭരണകക്ഷിയായ യുഡിഎഫിൽ നിന്നുള്ളവരായിരുന്നു. ആറാമതായി വേദിയിലെത്തിയ പുനലൂരിൽ നിന്നുള്ള പ്രതിനിധി സി. അജയപ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത എൽഡിഎഫ് അംഗം. സഭയിലെ മൂന്ന് ബിജെപി അംഗങ്ങളിൽ ചാത്തന്നൂരിനെ പ്രതിനിധീകരിക്കുന്ന ബി.ബി. ഗോപകുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ അക്ഷരമാലാ ക്രമത്തിൽ 105-ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133-ാമതായുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴുണ്ടായ വിവാദങ്ങൾക്കിടയിലും “വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ” എന്ന് പൂർണ്ണമായ പേര് ആവർത്തിച്ചാണ് വി.ഡി. സതീശൻ സഭയിലും സത്യപ്രതിജ്ഞ ചൊല്ലിയത്. പ്രതിപക്ഷ നേതാവായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പിണറായി വിജയനെ മുഖ്യമന്ത്രി വി.ഡി. സതീശൻ സഭാംഗങ്ങൾക്കൊപ്പം കയ്യടിയോടെയാണ് വരവേറ്റത്. ചടങ്ങുകൾക്ക് ശേഷം സ്പീക്കറുടെ ചേമ്പറിലെത്തിയ പിണറായി വിജയനെ പ്രോ ടെം സ്പീക്കർ ജി. സുധാകരൻ സീറ്റിൽ നിന്നെഴുന്നേറ്റു ചെന്ന് ഹസ്തദാനം നൽകി സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 83-ാമതായാണ് സഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎമ്മിൽ നിന്ന് മാറി തളിപ്പറമ്പിൽ സ്വതന്ത്രനായി അട്ടിമറി വിജയം നേടിയ ടി.കെ. ഗോവിന്ദനും, പയ്യന്നൂരിൽ നിന്നുള്ള വി. കുഞ്ഞികൃഷ്ണനും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കുഞ്ഞികൃഷ്ണൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേദിയിലിരുന്ന് അഭിവാദ്യം ചെയ്തു. ആർഎംപി നേതാവ് കെ.കെ. രമയും സഗൗരവ പ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി ചുമതലയേറ്റു. പതിനാറാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി പിണറായി വിജയനും ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ആലപ്പുഴയിൽ നിന്നുള്ള യുഡിഎഫ് അംഗം എ.ഡി. തോമസുമാണ്.

