ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യം ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാചക വാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ള ഇതര സംവിധാനങ്ങൾ വികസിപ്പിക്കുന്ന കാര്യം രാജ്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർണ്ണായക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ വികസന കുതിപ്പിനായുള്ള ‘വിക്ഷിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ലെന്നും, അത് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി ഊർജ്ജ മേഖലയിലെ പരിഷ്കാരങ്ങൾ ശക്തമായി നടപ്പിലാക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
മുൻകാലങ്ങളിലുണ്ടായ അലംഭാവങ്ങളെക്കുറിച്ചോ പശ്ചാത്താപങ്ങളെക്കുറിച്ചോ ആലോചിച്ച് സമയം കളയാതെ, ഭാവിയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുനരുപയോഗ ഊർജ്ജ ഉത്പാദനം രാജ്യം അതിവേഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാർ കൊണ്ടുവരുന്ന പുതിയ സംരംഭങ്ങളോ പരിഷ്കാരങ്ങളോ രാജ്യത്തെ സാധാരണക്കാരായ പൗരന്മാരെ യാതൊരുവിധത്തിലും ബുദ്ധിമുട്ടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.
അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും രാജ്യത്ത് നിലവിൽ യാതൊരുവിധ ഇന്ധനക്ഷാമവുമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. ആവശ്യമായ ക്രൂഡോയിലും മറ്റ് ഇന്ധനങ്ങളും നിലവിൽ രാജ്യത്ത് സംഭരിച്ചിട്ടുണ്ട്. എല്ലാ പെട്രോൾ പമ്പുകളിലും തടസ്സമില്ലാതെ ഇന്ധനലഭ്യത ഉറപ്പാക്കാൻ ആവശ്യമായ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന വ്യാജപ്രചാരണങ്ങളെത്തുടർന്ന് ചിലയിടങ്ങളിൽ പെട്രോൾ പമ്പുകളിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി കൂട്ടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കേന്ദ്രസർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

