പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ വാഹന നീക്കങ്ങൾ നിരീക്ഷിച്ച് വിദേശത്തേക്ക് ദൃശ്യങ്ങൾ കൈമാറിയെന്ന സംശയത്തിൽ യുവാവിനെ പൊലീസ് പിടികൂടി. പത്താൻകോട്ട് ജില്ലയിലെ ചക് ധരിവാൾ സ്വദേശിയായ ബൽജിത് സിങ് അഥവാ ബിട്ടുവാണ് അറസ്റ്റിലായത്.
പത്താൻകോട്ട്–ജമ്മു ദേശീയപാതയ്ക്ക് സമീപമുള്ള സ്ഥലത്ത് രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചാണ് സൈനിക വാഹനങ്ങളുടെ ഗതാഗതം നിരീക്ഷിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് ദൃശ്യങ്ങൾ വിദേശ കേന്ദ്രങ്ങളിലേക്ക് തത്സമയം കൈമാറിയിരുന്നതായും പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ക്യാമറ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വിദേശത്തുള്ള ഒരാളുടെ നിർദേശപ്രകാരമാണ് നടപടി നടത്തിയതെന്നും ഇതിനായി സാമ്പത്തിക പ്രതിഫലം ലഭിച്ചതായും പ്രതി മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.
പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സിസിടിവി ഉപകരണങ്ങളും നെറ്റ്വർക്ക് സംവിധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ചിലർക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഏജൻസികളും അന്വേഷണം ശക്തമാക്കി. പത്താൻകോട്ടിലെ സൈനിക കേന്ദ്രങ്ങൾക്കും പ്രധാന പാതകൾക്കും സമീപം സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

