Home Keralaനിയമസഭാകക്ഷി നേതൃപദവിയില്‍ ബിജെപിയില്‍ ഭിന്നത; വി മുരളീധരനും രാജീവ് ചന്ദ്രശേഖറും നിലപാട് കടുപ്പിക്കുന്നു

നിയമസഭാകക്ഷി നേതൃപദവിയില്‍ ബിജെപിയില്‍ ഭിന്നത; വി മുരളീധരനും രാജീവ് ചന്ദ്രശേഖറും നിലപാട് കടുപ്പിക്കുന്നു

by news_desk1
0 comments

തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപി നിയമസഭാകക്ഷി നേതൃസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത ശക്തമാകുന്നതായി സൂചന. കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി മുരളീധരന്‍ നേതൃസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് എന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍നിന്നുള്ള വിവരം.

നിയമനിര്‍മാണ രംഗത്തെ അനുഭവസമ്പത്തും പൊതുരാഷ്ട്രീയ പരിചയവും മുന്‍നിര്‍ത്തിയാണ് വി മുരളീധരനെ പിന്തുണയ്ക്കുന്ന വിഭാഗം വാദിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിയമസഭാകക്ഷി നേതാവായി വി മുരളീധരന്‍ വരുമെന്ന വിലയിരുത്തലുകള്‍ നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം പാര്‍ട്ടിക്കുള്ളില്‍ ഇരട്ട അധികാരകേന്ദ്രങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയാണ് ഔദ്യോഗിക വിഭാഗം ഉയര്‍ത്തുന്നതെന്നാണ് സൂചന.

വിഷയത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്ന് അംഗങ്ങളാണുള്ളത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലും സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മണ്ഡലങ്ങളില്‍ സജീവമാകുന്നത് പോരെന്നും ദീര്‍ഘകാല രാഷ്ട്രീയ ഇടപെടലാണ് വിജയത്തിന് അടിസ്ഥാനം എന്നും നേതൃത്വനിരയില്‍ അഭിപ്രായം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏകപക്ഷീയ സമീപനം ഉണ്ടായെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നതായാണ് വിവരം. ഇതോടെ നിയമസഭാകക്ഷി നേതൃപദവി സംബന്ധിച്ച തീരുമാനം സംസ്ഥാന ബിജെപിയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടേകിയിരിക്കുകയാണ്.

You may also like