ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനൊപ്പം സ്ഥാപകന്‍ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി ആരോപണം. ഇക്കാര്യം അഭിജീത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാം പേജ് ലക്ഷ്യമിടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു.
ഹാക്ക് ചെയ്യപ്പെട്ടതായി പറയുന്ന അക്കൗണ്ടിന് കോടിക്കണക്കിന് ഫോളോവേഴ്‌സുണ്ടെന്നാണ് വിവരം. ഇതിന് മുന്‍പ് സിജെപിയുടെ എക്‌സ് അക്കൗണ്ടിനും ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജി ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ശ്രദ്ധ നേടുകയാണ്. ദേശീയതല പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രചാരണം ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിയെയും വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ബാധിച്ച വിഷയങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം നടക്കുന്നത്.
അതേസമയം, പാര്‍ട്ടിയുടെ പേരില്‍ പ്രചരിക്കുന്ന പ്രതിഷേധ ആഹ്വാനങ്ങളില്‍ നിന്ന് സിജെപി നേതൃത്വം അകലം പാലിച്ചു. ഒരു പ്രതിഷേധ പരിപാടിക്കും ഔദ്യോഗികമായി ആഹ്വാനം ചെയ്തിട്ടില്ലെന്ന് അഭിജീത് വ്യക്തമാക്കി. സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, അനുമതിയില്ലാത്ത പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

