Home Editorialസോഷ്യൽ മീഡിയ സമരങ്ങൾക്കും യുവതയുടെ രാഷ്ട്രീയത്തിനും ദിശാബോധം അനിവാര്യം

സോഷ്യൽ മീഡിയ സമരങ്ങൾക്കും യുവതയുടെ രാഷ്ട്രീയത്തിനും ദിശാബോധം അനിവാര്യം

by news_desk
0 comments

ലോക ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ അനവധി വിപ്ലവങ്ങളും പ്രക്ഷോഭങ്ങളും കാലത്തെ തന്നെ മാറ്റിമറിച്ച മുന്നേറ്റങ്ങളും നടന്നിട്ടുണ്ടെന്ന് കാണാം. സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ച മഹായുദ്ധങ്ങളിൽ നിന്ന് ജനാധിപത്യ ഭരണകൂടങ്ങളെ ചോദ്യം ചെയ്ത ജനകീയ സമരങ്ങളിലേക്കുള്ള നീണ്ട ചരിത്രം മനുഷ്യസമൂഹത്തിന്റെ സജീവമായ രാഷ്ട്രീയ ബോധത്തിന്റെ തെളിവാണ്. കാലം മാറിയതോടെ സമരങ്ങളുടെ ഭാഷയും രൂപവും പ്രയോഗ രീതികളും മാറി. ഒരുകാലത്ത് തെരുവുകളും പൊതുസമ്മേളനങ്ങളും സമരവേദികളായിരുന്നുവെങ്കിൽ ഇന്ന് അതിന്റെ വലിയൊരു ഭാഗം സാമൂഹിക മാധ്യമങ്ങളിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. 2010ന് ശേഷമുള്ള സോഷ്യൽ മീഡിയ വിപ്ലവം ലോക രാഷ്ട്രീയത്തിന്റെ തന്നെ സ്വഭാവം മാറ്റിയെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. ഒരു മൊബൈൽ ഫോൺ മതി ഒരു ആശയം കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ. പ്രതിഷേധങ്ങളും പ്രചാരണങ്ങളും വിമർശനങ്ങളും പിന്തുണകളും ഇന്ന് സെക്കൻഡുകൾക്കുള്ളിൽ ലോകം മുഴുവൻ സഞ്ചരിക്കുന്നു. അറബ് സ്പ്രിംഗ് മുതൽ ഇന്ത്യയിലെ വിവിധ ജനകീയ പ്രക്ഷോഭങ്ങൾ വരെ സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലൂടെയാണ് വളർന്നുവന്നത്.

എന്നാൽ ഈ വലിയ പ്രവാഹത്തിനിടയിൽ നിലനിന്നുപോയ പ്രസ്ഥാനങ്ങളും നേതാക്കളും വളരെ കുറവാണെന്നതും അത്ര തന്നെ സത്യമാണ്. ഇന്നത്തെ യുവതയ്ക്ക് രാജ്യത്തും സമൂഹത്തും നടക്കുന്ന കാര്യങ്ങളോട് വ്യക്തമായ യോജിപ്പും വിയോജിപ്പും ഉണ്ട്. അവർ അത് തുറന്നുപറയുകയും വിവിധ ഡിജിറ്റൽ വേദികളിലൂടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. അതൊരു ആരോഗ്യകരമായ ജനാധിപത്യ ലക്ഷണമാണ്. എന്നാൽ പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ദിശയും ദാർഢ്യവും ഉത്തരവാദിത്തവും കൂടിയില്ലെങ്കിൽ അവ വെറും ഡിജിറ്റൽ ആവേശപ്രകടനങ്ങളായി അവസാനിക്കാനുള്ള സാധ്യതയും ഏറെയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ തൊഴിലില്ലാത്ത യുവാക്കളെ സംബന്ധിച്ച പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതും, അതിന് പിന്നാലെ “കോക്രോച്ച് പാർട്ടി” പോലുള്ള സോഷ്യൽ മീഡിയ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടതും ഈ പുതിയ രാഷ്ട്രീയ മനോഭാവത്തിന്റെ ഉദാഹരണങ്ങളാണ്. യുവതയുടെ നിരാശയും തൊഴിലില്ലായ്മയും വ്യവസ്ഥിതികളോടുള്ള അസ്വസ്ഥതയും ഇത്തരം ഡിജിറ്റൽ കൂട്ടായ്മകൾക്ക് ഇന്ധനമാകുന്നുണ്ട്. എന്നാൽ വികാരത്തിന്റെ തിരമാലയിൽ പിറക്കുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും ദീർഘകാല സാമൂഹിക പ്രസക്തി ഉണ്ടാകണമെന്നില്ല. ഇതിനുമുമ്പും ഇന്ത്യയിലും ലോകത്തും അനവധി “വൈറൽ വിപ്ലവങ്ങൾ” ഉയർന്നുവന്നിട്ടുണ്ട്. ചിലത് ഒരു മെഴുകുതിരി കത്തി തീരുന്നതുപോലെ അസ്തമിച്ചു.

ചിലർ പിന്നീട് നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറി. ചില പ്രക്ഷോഭങ്ങൾ വലിയ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും സംഘടനാ ശക്തിയില്ലായ്മയും ദീർഘകാല ദർശനക്കുറവും കാരണം നിലനിന്നില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറ മനസ്സിലാക്കേണ്ടത്, ഒരു ഹാഷ്‌ടാഗ് മാത്രം സമൂഹത്തെ മാറ്റില്ല എന്ന സത്യമാണ്. മാറ്റങ്ങൾക്ക് ആവേശം മാത്രം പോരാ; ആശയത്തിന്റെ ആഴവും നേതൃത്വത്തിന്റെ പക്വതയും നിലപാടിന്റെ സ്ഥിരതയും അനിവാര്യമാണ്. അതേസമയം യുവതയുടെ ശബ്ദത്തെ ചെറുതായി കാണാനുമാവില്ല. അവർ ചോദിക്കുന്ന ചോദ്യങ്ങൾ സമൂഹത്തിന്റെ യഥാർത്ഥ പ്രതിസന്ധികളെക്കുറിച്ചാണ്. തൊഴിലില്ലായ്മ, സാമൂഹിക അസമത്വം, രാഷ്ട്രീയ കപടത, അഴിമതി, അവസരനിഷേധം തുടങ്ങിയ വിഷയങ്ങളിൽ പുതിയ തലമുറയുടെ അസ്വസ്ഥത വളരുകയാണ്. അതിന് മറുപടി നൽകേണ്ടത് ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും സമൂഹ സംവിധാനങ്ങളും തന്നെയാണ്. യുവതയെ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് കൂടുതൽ അപകടകരമായ പ്രതികരണങ്ങൾക്ക് വഴിവെക്കും.


പറയാനുള്ളത് തുറന്നുപറയാനും കേൾക്കാനുള്ളത് ക്ഷമയോടെ കേൾക്കാനും കഴിയുന്ന ജനാധിപത്യ ധൈര്യമാണ് ഇന്നത്തെ സമൂഹത്തിന് ഏറ്റവും ആവശ്യം. ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ “ഞങ്ങളൊന്നായി എല്ലാം മാറ്റിമറിക്കും” എന്ന അതിവികാര മുദ്രാവാക്യങ്ങൾ മാത്രം സമൂഹത്തെ നന്മയിലേക്ക് നയിക്കില്ല. മാറ്റങ്ങൾ സൃഷ്ടിക്കാൻ ദീർഘദർശനവും സാമൂഹിക പ്രതിബദ്ധതയും ക്ഷമയും കൃത്യമായ സംഘടനാ ബോധവുമാണ് ആവശ്യമായത്. സോഷ്യൽ മീഡിയ ഒരു ആയുധമാണ്. അത് സമൂഹത്തെ ബോധവൽക്കരിക്കാനും തെറ്റുകളെ ചോദ്യം ചെയ്യാനും ജനകീയ മുന്നേറ്റങ്ങൾക്ക് കരുത്താകാനും കഴിയും. അതേ സമയം തെറ്റായ വിവരങ്ങളും അനാവശ്യ വൈരാഗ്യങ്ങളും അസ്ഥിരതയും സൃഷ്ടിക്കാനും അതിന് കഴിയും. അതിനാൽ പുതിയ തലമുറയുടെ രാഷ്ട്രീയവും സാമൂഹിക ഇടപെടലുകളും വെറും ഡിജിറ്റൽ ആവേശത്തിൽ ഒതുങ്ങാതെ യാഥാർത്ഥ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകണം. സമൂഹത്തെ മാറ്റേണ്ടത് കോപത്തിന്റെ ശബ്ദം കൊണ്ടല്ല, ചിന്തയുടെ ശക്തികൊണ്ടാണെന്ന് തിരിച്ചറിയേണ്ട സമയമാണിത്.

You may also like