മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പിട്ടുവെന്നത് യാഥാർഥ്യമാണെന്നും ഈ പദ്ധതി പ്രകാരം 93 കോടി രൂപ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കുമെന്നും യുഡിഎഫ് ഇക്കാര്യത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി യാഥാർഥ്യമാണെന്ന് സമ്മതിച്ച മന്ത്രി, കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ അധിക സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കുമെന്നും ഉറപ്പുനൽകി. എന്നാൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്ന കാര്യം കൂടുതൽ പഠിച്ചശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഈ മാസം 29 നുള്ളിൽ തന്നെ പാഠപുസ്തക വിതരണം പൂർത്തിയാക്കും. പുസ്തകങ്ങളുടെ അച്ചടി അവസാന ഘട്ടത്തിലാണ്. അച്ചടി പൂർത്തിയാകുന്ന മുറയ്ക്ക് ഇവ വേഗത്തിൽ വിതരണം ചെയ്യുന്നുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്തെ പ്രധാന പാഠപുസ്തക വിതരണ കേന്ദ്രം സന്ദർശിച്ച ശേഷമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപകർ മരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ പാങ്ങ് ജിഎൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ അടിയന്തിരമായി നിയമിച്ചു കഴിഞ്ഞു. അപകടത്തിന്റെ ആഘാതത്തിലുള്ള അവിടുത്തെ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും മറ്റ് പിന്തുണയും നൽകാൻ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മുൻ പിണറായി സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാൻ പ്രാഥമികമായി ഒപ്പിട്ടിരുന്നെങ്കിലും, ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയിൽ നിന്നടക്കം കടുത്ത എതിർപ്പുയർന്നതോടെ പദ്ധതി താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. കേന്ദ്രം സ്കൂളുകളുടെ പേര് മാറ്റണമെന്നതടക്കമുള്ള കടുത്ത നിബന്ധനകൾ മുന്നോട്ട് വെച്ചതായിരുന്നു അന്ന് എതിർപ്പിന് കാരണമായത്. തുടർന്ന് പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കാൻ അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതിയിൽ നിന്നും ലഭിച്ച കോടികളുടെ ഫണ്ട് നിലനിൽക്കെ പുതിയ യുഡിഎഫ് സർക്കാർ ഭാവിനടപടികളിലേക്ക് കടക്കുന്നത്.

