തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്. നാളെയും ഇതേ ജില്ലകളിൽ മഞ്ഞ ജാഗ്രത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്തിന് സമീപം ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതും അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് മഴ ശക്തമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കേരള–ലക്ഷദ്വീപ് തീരങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന നിയന്ത്രണം പിൻവലിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി നിരീക്ഷിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് പ്രധാന ജാഗ്രത നിർദേശങ്ങൾ
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.
- നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണം.
- ശക്തമായ കാറ്റ് സാധ്യത കണക്കിലെടുത്ത് മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
- മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, ബോർഡുകൾ എന്നിവ തകർന്നുവീഴാനുള്ള സാധ്യത മുൻകൂട്ടി കാണണം.
- മഴ ശക്തമായ സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം.
- നദികൾ, ജലാശയങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര ഒഴിവാക്കണം.
- വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളിലും ജലാശയങ്ങൾക്ക് സമീപമുള്ള വഴികളിലും വാഹനയാത്രയിൽ അതീവ ജാഗ്രത പാലിക്കണം.
- ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം.
അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾക്കും 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളിലും മാറ്റം വരാൻ സാധ്യതയുണ്ട്.

