Home Education/Careerസിബിഎസ്ഇ വിദ്യാർത്ഥികളുടെ പരാതിയിൽ കേന്ദ്രം ഇടപെട്ടു; സാങ്കേതിക തകരാറിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

സിബിഎസ്ഇ വിദ്യാർത്ഥികളുടെ പരാതിയിൽ കേന്ദ്രം ഇടപെട്ടു; സാങ്കേതിക തകരാറിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

by news_desk1
0 comments

ദില്ലി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ നടപടികളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉയർത്തിയ പരാതികളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളും അതുവഴി വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

വെബ്സൈറ്റ് പ്രവർത്തനത്തിലെ തകരാറിന്റെ കാരണം, സാങ്കേതിക സംവിധാനങ്ങളുടെ പരിപാലനം, വിദ്യാർത്ഥികൾക്ക് ഉണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ വിശദീകരിച്ചുള്ള റിപ്പോർട്ടാണ് സിബിഎസ്ഇയിൽ നിന്ന് തേടിയത്. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതായി സൂചനയുണ്ട്. വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

പ്ലസ് ടു പുനർമൂല്യനിർണയത്തിന് മുന്നോടിയായി ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിക്കാനായി വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിലാണ് പ്രശ്നങ്ങൾ ഉയർന്നത്. ഒരു വിഷയത്തിന്റെ പകർപ്പ് ലഭിക്കാനുള്ള നിശ്ചിത ഫീസ് 100 രൂപയായിരിക്കെ ചിലർക്ക് ഓൺലൈൻ സംവിധാനത്തിൽ അസാധാരണമായ ഉയർന്ന തുക കാണിച്ചതായി പരാതി ഉയർന്നു.

ഇതിനൊപ്പം മൂല്യനിർണയത്തിലെ പിഴവുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചു. ശരിയായ ഉത്തരങ്ങൾ എഴുതിയിട്ടും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന പരാതികളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചിലർക്ക് ഫീസ് അടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഡൗൺലോഡ് ചെയ്ത രേഖകളിലും സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നുവെന്നും പരാതിയുണ്ട്.

പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ രേഖകൾ ലഭ്യമാക്കാനാകുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങൾ നൽകുന്ന സൂചന.

You may also like