റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യയിൽ സുരക്ഷാ പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കി. ആവശ്യമായ അനുമതിപത്രങ്ങളില്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തിയ 3,66,000-ത്തിലധികം പേരെ വിവിധ മേഖലകളിൽ നിന്ന് തിരിച്ചയച്ചതായി സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
ഹജ്ജ് സുരക്ഷാസേനാ മേധാവിമാരുടെ യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ഹജ്ജ് സുരക്ഷ, ഗതാഗതം, തീർഥാടകരുടെ നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപക പരിശോധനയിൽ 217 വ്യാജ ഹജ്ജ് കാമ്പയിനുകൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചു. പുണ്യസ്ഥലങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച 1.40 ലക്ഷത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുകയും 1,162 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
മക്കയിലേക്ക് അനധികൃതമായി ആളുകളെ എത്തിച്ച 9,654 വാഹനങ്ങളും തൊഴിൽ-അതിർത്തി നിയമങ്ങൾ ലംഘിച്ച് പ്രവേശിക്കാൻ ശ്രമിച്ച 7,733 പേരെയും സുരക്ഷാസേന പിടികൂടി. ഇതിന് പുറമെ നിയമവിരുദ്ധമായി തീർഥാടകരെ എത്തിച്ച 217 ഡ്രൈവർമാരെയും അനുമതിയില്ലാത്ത വിസയിലുള്ള യാത്രക്കാരെ മക്കയിലെത്തിച്ച 179 ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഹജ്ജ് പെർമിറ്റില്ലാതെ ഇഹ്‌റാം വസ്ത്രം ധരിച്ചെത്തിയ 962 പേരെയും കണ്ടെത്തിയിട്ടുണ്ട്. ചട്ടലംഘനം നടത്തിയ ഓരോരുത്തർക്കും 20,000 സൗദി റിയാൽ വരെ പിഴ ചുമത്തിയതായി അധികൃതർ വ്യക്തമാക്കി.
ഹജ്ജ് നിയമങ്ങളും നിർദേശങ്ങളും ലംഘിച്ചതുമായി ബന്ധപ്പെട്ട് മക്ക മേഖലയിൽ നിന്നുമാത്രം ഇതുവരെ 1.15 ലക്ഷം പേരെ പിടികൂടിയതായും പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.

