ആലപ്പുഴ: ജില്ലയിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാവസായിക അളവിൽ രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിലെ ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട വാർഡിലെ മുറിയിൽ കരിചിറ വീട്ടിൽ അർഷാദ് (23) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റമിൻ, ലഹരി ഇടപാടിലൂടെ ലഭിച്ചതായി കരുതുന്ന 4.64 ലക്ഷം രൂപ, ഇടപാട് വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറി, മഴു, എസ് ആകൃതിയിലുള്ള കത്തി എന്നിവയും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുവിന് വിപണിയിൽ വലിയ മൂല്യമുണ്ടെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയ്ക്ക് സമീപം അൻഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
അറസ്റ്റിനിടെ അൻഷാദ് എക്സൈസ് ഇൻസ്പെക്ടറെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥന് കൈയ്ക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. തുടർന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
പ്രതിക്കെതിരെ നേരത്തെയും വിവിധ ക്രിമിനൽ കേസുകളും ലഹരിയുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു. ജില്ലയിലെ വലിയ ലഹരിവേട്ടകളിൽ ഒന്നായാണ് ഈ കേസിനെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

