വത്തിക്കാൻ: നിർമിതബുദ്ധിയുടെ വികസനവും നിയന്ത്രണവും ഏതാനും ശക്തികേന്ദ്രങ്ങളുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കരുതെന്നും അത് വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും മാർപ്പാപ്പ ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. മാർപ്പാപ്പ സ്ഥാനമേറ്റതിന് ശേഷം പുറത്തിറക്കിയ ആദ്യ പ്രധാന ദൈവശാസ്ത്ര വിജ്ഞാപനത്തിലൂടെയാണ് അദ്ദേഹം എഐയെക്കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കിയത്.
‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന പേരിലുള്ള രേഖയിൽ അതിവേഗം മാറുന്ന സാങ്കേതിക ലോകത്തിനിടയിലും മനുഷ്യന്റെ അന്തസ്സും സവിശേഷതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്നു. യുദ്ധങ്ങളിലും സൈനിക ആവശ്യങ്ങൾക്കുമായി എഐ ഉപയോഗിക്കുന്നത് കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കണമെന്നും രേഖയിൽ നിർദേശിക്കുന്നു.
നിർമിതബുദ്ധി രംഗത്തെ വലിയ കമ്പനികൾക്ക് കൂടുതൽ സാമൂഹിക ഉത്തരവാദിത്തം വേണമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ സാങ്കേതിക സ്ഥാപനങ്ങളുടെ മാത്രം പരിധിയിൽ നിൽക്കരുതെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
എഐ രംഗത്ത് പ്രവർത്തിക്കുന്നവരെ വിമർശനാത്മകമായും സ്വതന്ത്രമായും വിലയിരുത്തുന്ന സമൂഹ ഇടപെടലുകൾ ആവശ്യമാണ് എന്ന നിലപാടിനും രേഖ പ്രാധാന്യം നൽകുന്നു. സാങ്കേതിക പുരോഗതി മനുഷ്യനന്മയെ മുൻനിർത്തിയാകണമെന്ന സന്ദേശമാണ് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്.
പരമ്പരാഗതമായി കത്തോലിക്കാ സഭയുടെ ആഭ്യന്തര വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തരം ദൈവശാസ്ത്ര വിജ്ഞാപനങ്ങൾ പുറത്തിറക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലേതുപോലെ ആഗോള സാമൂഹിക വിഷയങ്ങളെയും അഭിസംബോധന ചെയ്യുന്ന രീതിയിലാണ് പുതിയ രേഖയും തയ്യാറാക്കിയിരിക്കുന്നത്.

