തിരുവനന്തപുരം: കേരള പോലീസ് ആരംഭിച്ച ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു.
വെങ്ങാനൂർ വി.പി.എസ് മലങ്കര ആൻഡ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പ് ‘ഐക്യ 2026’ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന വിപത്തുകളിൽ ഒന്നാണ് ലഹരിയെന്നും പുതുതലമുറയെ അതിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ, കോളജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാസലഹരി മാഫിയയെ ചെറുക്കുന്നതിനായാണ് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി നിർത്താനുള്ള പ്രവർത്തനങ്ങളിൽ എസ്.പി.സി കേഡറ്റുകൾ മുൻനിരയിൽ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കേരള പോലീസിന്റെ അഭിമാന പദ്ധതിയായി വളർന്നുവെന്നും രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുന്നതിനുള്ള ആലോചനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കുട്ടിപ്പോലീസ്’ എന്ന വിശേഷണം ഓരോ കേഡറ്റും അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്നും സഹപാഠികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും ആദിവാസി മേഖലകളിലെ കുട്ടികൾക്ക് പഠനസഹായങ്ങളും പോഷകാഹാരവും എത്തിക്കുന്നതിലും എസ്.പി.സി കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

