Home Internationalകീവ് വിടാൻ വിദേശികൾക്ക് റഷ്യയുടെ മുന്നറിയിപ്പ്; യുക്രൈനിലെ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപനം

കീവ് വിടാൻ വിദേശികൾക്ക് റഷ്യയുടെ മുന്നറിയിപ്പ്; യുക്രൈനിലെ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപനം

by news_desk1
0 comments

മോസ്കോ: യുക്രൈനിലേക്കുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിൽ കഴിയുന്ന വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷ മുൻനിർത്തി പ്രദേശം വിട്ടുപോകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, സൈനിക പ്രാധാന്യമുള്ള മറ്റ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കാനാണ് നീക്കമെന്നും റഷ്യ അറിയിച്ചു.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി കീവിൽ അടുത്തിടെ നടന്ന വ്യോമാക്രമണത്തിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. മൂന്ന് ദിവസത്തിനിടെ നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ‘ഓറെഷ്നിക്’ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും നൂറിലധികം മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ആക്രമണത്തിനായി വിനിയോഗിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ സ്റ്റാരോബിൽസ്കിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആളപായമുണ്ടായതിനെ തുടർന്നാണ് ശക്തമായ തിരിച്ചടി നൽകാൻ തീരുമാനിച്ചതെന്നാണ് മോസ്കോയുടെ വിശദീകരണം. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, നിർണായക ഭരണ കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും റഷ്യ അറിയിച്ചു.

ഡ്രോൺ വികസനവും നിർമ്മാണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നഗരപ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ സാധാരണ ജനങ്ങൾക്കും വിദേശികൾക്കും അപകടസാധ്യത വർധിക്കാമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവും വിദേശ പൗരന്മാർക്ക് നൽകിയിട്ടുണ്ട്.

You may also like