Home Top Storiesപ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ; റെയിൽവേ, എയിംസ്, ദേശീയപാത വികസനങ്ങൾ ചർച്ചയായി

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ; റെയിൽവേ, എയിംസ്, ദേശീയപാത വികസനങ്ങൾ ചർച്ചയായി

by news_desk
0 comments

ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി. ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്നു. റെയിൽവേ വികസനം, എയിംസ് (AIIMS), ദേശീയപാത നവീകരണം ഉൾപ്പെടെ കേരളം ദീർഘകാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായാണ് വിവരം. കേന്ദ്ര പദ്ധതികളുടെ സംസ്ഥാനത്തെ നടത്തിപ്പും ചർച്ചയായി. കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ശിൽപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി. ചീഫ് സെക്രട്ടറി എ. ജയതിലക്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, ഒഎസ്ഡി എൻ. എസ്. കെ. ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായും മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രിയുമായുള്ള ഈ ചർച്ച അതീവ നിർണ്ണായകമാണ്. അർഹമായ ഫണ്ടുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കും. തുടർന്ന് നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ കേന്ദ്രവുമായി ഒത്തുപോവുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഈ ഡൽഹി സന്ദർശനം.

You may also like