കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വീണ വീട്ടമ്മയെ ഭർത്താവിന്റെ ധൈര്യവും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തവളച്ചാൽ കുഴിയിൽ ശാന്ത (57)യാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയോടെ വീടിന് മുന്നിലുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ശാന്ത ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ടതുമുതൽ ഭർത്താവ് മോഹനൻ മടിച്ചുനിൽക്കാതെ കിണറ്റിലിറങ്ങി ഭാര്യയെ താങ്ങിപ്പിടിച്ച് സുരക്ഷിതമായി നിലനിർത്താൻ ശ്രമിച്ചു.
വീട്ടുകാർ ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് പുത്തൻകുരിശ് പൊലീസിന്റെ ഏകോപനത്തിൽ പട്ടിമറ്റം അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അനീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക സുരക്ഷാ ഉപകരണങ്ങളും നെറ്റ് റോപ്പും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സേനാംഗങ്ങൾ ഏറെ സൂക്ഷ്മതയോടെ കിണറ്റിലേക്ക് ഇറങ്ങി ആദ്യം വീട്ടമ്മയെയും തുടർന്ന് ഭർത്താവിനെയും സുരക്ഷിതമായി പുറത്തെടുത്തു. ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശാന്തയെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളായ രഞ്ജിത്, ബെന്നി മാത്യു, അനിൽകുമാർ, റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത് കുമാർ, അഖിൽദേവ്, അഭിജിത്ത്, ഷാനവാസ് എന്നിവരും ഹോംഗാർഡ് രാമചന്ദ്രനും പങ്കെടുത്തു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകി.
സമയബന്ധിതമായ ഇടപെടലും ഭർത്താവിന്റെ ധൈര്യവുമാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നാണ് നാട്ടുകാർ വിലയിരുത്തുന്നത്.

