ഇന്ത്യൻ പ്രീമിയം എസ്യുവി വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ കരുത്തൻ മോഡലായ ‘എംജി മജസ്റ്റർ’ (MG Maxster) അവതരിപ്പിക്കുന്നു. ഗുജറാത്തിലെ ഹാലോൾ പ്ലാന്റിൽ വാഹനത്തിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചതായും ഉടൻ തന്നെ ഈ എസ്യുവി ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഓഫ്-റോഡിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന മജസ്റ്റർ, നിലവിൽ ഈ വിഭാഗം ഭരിക്കുന്ന ടൊയോട്ട ഫോർച്യൂണറിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക്, ക്രാൾ കൺട്രോൾ, 810 മില്ലീമീറ്റർ വരെ വെള്ളത്തിലൂടെ സുഗമമായി ഓടിക്കാനുള്ള ശേഷി (Water Wading Capacity) തുടങ്ങിയ അത്യാധുനിക സവിശേഷതകളോടെയാണ് ഈ വാഹനം വരുന്നത്. ഇതിന് പുറമെ നിരവധി പ്രീമിയം ആഡംബര സൗകര്യങ്ങളും നൂതന സുരക്ഷാ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയതും വീതിയുള്ളതും ഉയരമുള്ളതുമായ ഫുൾ സൈസ് എസ്യുവിയാണ് മജസ്റ്റർ എന്ന് എംജി അവകാശപ്പെടുന്നു. ഫ്രണ്ട്, റിയർ, സെന്റർ ഡിഫറൻഷ്യൽ ലോക്കുകളും ക്രാൾ കൺട്രോളും ഒരേപോലെ ഉൾക്കൊള്ളുന്ന ഈ വിഭാഗത്തിലെ ആദ്യത്തെ എസ്യുവി കൂടിയാണിത്. 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 215.5 പിഎസ് പവറും 478.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഫോർ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം പത്ത് ഓഫ്-റോഡ് മോഡുകളും ഇതിൽ ലഭ്യമാണ്. 219 മില്ലീമീറ്ററാണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. കമ്പനിയുടെ പ്രധാന നിർമ്മാണ കേന്ദ്രമായ ഹാലോളിൽ വിപുലമായ ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളോടെയാണ് ഇതിന്റെ അസംബ്ലിങ് പുരോഗമിക്കുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കാൻ വിപണിയിൽ അപൂർവ്വമായ “5 5 5” പ്രത്യേക ഉടമസ്ഥതാ പാക്കേജോടെയാണ് എംജി ഈ എസ്യുവി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി, അഞ്ച് വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, അഞ്ച് സൗജന്യ സർവീസുകൾ എന്നിവ ഈ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 41,000 രൂപ ബുക്കിംഗ് തുക ഈടാക്കി വാഹനത്തിന്റെ പ്രീ-ബുക്കിംഗുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും വലിയ എസ്യുവി പ്രേമികൾക്കിടയിൽ ഈ പുതിയ ലോഞ്ച് വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വാഹന വിപണിയിലെ വിദഗ്ധർ പ്രവചിക്കുന്നത്.

