തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ മൊഴി തിരുവനന്തപുരം വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ പരിശോധനയും തുടരുകയാണ്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം, കണ്ണൂര്‍ വസതികള്‍, കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസ്, സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയുടെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വസതി എന്നിവ ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം. തിരുവനന്തപുരം വസതിയില്‍ പിണറായി വിജയന് ഉണ്ടായിരിക്കെയാണ് ഇഡി സംഘം എത്തിയത്.
കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പരിശോധന നടപടികള്‍ വേഗത്തിലായത്. സിഎംആര്‍എല്‍ കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതോടെ അന്വേഷണം തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ ഇഡിക്ക് വഴിയൊരുങ്ങി. മേല്‍ക്കോടതിയെ സമീപിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സിന് സേവനം ലഭിക്കാതെയാണ് സിഎംആര്‍എലില്‍നിന്ന് പണം കൈമാറിയതെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം, സേവന കരാറുകളുടെ യാഥാര്‍ഥ്യം, പണമിടപാടുകളുടെ ഉറവിടം എന്നിവയാണ് അന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.
ഇതിനുമുമ്പ് കമ്പനി ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഇഡി സമന്‍സ് നല്‍കിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലും പരിശോധനയും ആരംഭിച്ചതോടെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു ഹര്‍ജിക്കാര്‍. ഇഡി നടപടികള്‍ നിയമപരമായ പരിധി ലംഘിക്കുന്നുവെന്നും അന്വേഷണം തുടരാന്‍ മതിയായ തെളിവുകളില്ലെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഇഡി ശേഖരിക്കുന്ന രേഖകളും മൊഴികളും അടിസ്ഥാനമാക്കി കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാകുമോ എന്നതിലാണ് രാഷ്ട്രീയ-നിയമ മേഖലകളുടെ ശ്രദ്ധ.

