Home Top Storiesസിഎംആര്‍എല്‍–എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളടക്കം 12 ഇടങ്ങളില്‍ ഇഡി പരിശോധന; ഹൈക്കോടതി വിധിക്ക് പിന്നാലെ നീക്കം

സിഎംആര്‍എല്‍–എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളടക്കം 12 ഇടങ്ങളില്‍ ഇഡി പരിശോധന; ഹൈക്കോടതി വിധിക്ക് പിന്നാലെ നീക്കം

by news_desk1
0 comments

കൊച്ചി: സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. കേസിലെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തിനകത്തും പുറത്തുമായി 12 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികള്‍, വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസ്, കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസ്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വസതി എന്നിവ ഉള്‍പ്പെടെയാണ് പരിശോധന നടന്നതായി വിവരം.

ഇഡി ഉദ്യോഗസ്ഥര്‍ രേഖകള്‍, സാമ്പത്തിക ഇടപാട് വിവരങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ ശേഖരിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം വസതിയില്‍ പിണറായി വിജയനും മകള്‍ വീണാ വിജയനും ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വിശദീകരണം തേടിയെന്ന വിവരങ്ങളും പുറത്തുവന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍–എക്‌സാലോജിക് ഇടപാട് കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് അന്വേഷണ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്.

എക്‌സാലോജിക് സൊല്യൂഷന്‍സിന് സേവനം ലഭിക്കാതെയാണ് സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈമാറിയതെന്ന ആരോപണമാണ് കേസിന്റെ കേന്ദ്രവിഷയം. ഈ സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് ഇഡിയുടെ നിലപാട്. മറുവശത്ത് ഇത് സാധാരണ ബിസിനസ് ഇടപാടാണെന്നും മറ്റ് ഏജന്‍സികള്‍ ഇതിനകം വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് ബന്ധപ്പെട്ടവരുടെ നിലപാട്.

പരിശോധനയ്ക്കിടെ കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. നിയമനടപടികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ പിണറായി വിജയന് പിന്തുണയുമായി സിപിഐഎം നേതാക്കളും രംഗത്തെത്തി. നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിന്റെ ഭാഗമാണെന്നും നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടുമെന്നും പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു. വിഷയത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും ഔദ്യോഗിക നിലപാട് വ്യക്തമാക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.

കേസിലെ പുതിയ അന്വേഷണ നീക്കങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

You may also like