Home Keralaഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 19 പേർ പിടിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 19 പേർ പിടിയിൽ

by news_desk1
0 comments

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ 19 പേരെ പൊലീസ് പിടികൂടി. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐപി ബിനു ഉൾപ്പെടെ ആറുപേർ കീഴടങ്ങുകയായിരുന്നു. ഒരാളെ നോട്ടീസ് നൽകി വിട്ടയച്ചപ്പോൾ മറ്റുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇഡി സംഘത്തെ ആക്രമിച്ചവരെ ഉടൻ പിടികൂടാനായുള്ള പൊലീസ് നീക്കത്തിനിടെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വീണ്ടും സംഘർഷാവസ്ഥ ഉണ്ടായി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ പാർട്ടി ഓഫീസിനുള്ളിലുണ്ടെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചതോടെയാണ് വലിയ സന്നാഹവുമായി പൊലീസ് സ്ഥലത്തെത്തിയത്.

എന്നാൽ പാർട്ടി ഓഫീസിനുള്ളിലേക്ക് പൊലീസ് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതാക്കൾ. ഇതോടെ സ്ഥലത്ത് ഉന്തുംതള്ളും ഉണ്ടായി. പിന്നീട് ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നിറങ്ങിയ അഞ്ച് പേർ പൊലീസിന് കീഴടങ്ങുകയായിരുന്നു.

ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻ രാജ്, ഷാഹിൻ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരൺ, കോട്ടയത്തെ ലോഡ്ജിൽ നിന്ന് അമൽ എന്നിവരെയും പൊലീസ് പിടികൂടി. ഇവരിൽ പലരും ഡിവൈഎഫ്ഐ ജില്ലാ-ബ്ലോക്ക് ഭാരവാഹികളാണെന്നാണ് വിവരം.

വൈകീട്ടോടെയാണ് ഐപി ബിനു കീഴടങ്ങിയത്. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനുപുറമെ പൊലീസുകാരെ ആക്രമിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ പ്രതികളെ ഉടൻ പിടികൂടാനുള്ള സമ്മർദ്ദത്തിലാണ് സംസ്ഥാന പൊലീസ്. അന്വേഷണം നിലവിൽ മ്യൂസിയം പൊലീസിന്റെ നേതൃത്വത്തിലാണെങ്കിലും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ സാഹചര്യത്തിൽ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും കാണുന്നത്.

You may also like