Home Keralaമോഡൽ മുങ്ങിമരിച്ച സംഭവം: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാറമടയിൽ പ്രവേശനം; മൃതദേഹം കണ്ടെത്തിയത് 30 അടി താഴ്ചയിൽ നിന്ന്

മോഡൽ മുങ്ങിമരിച്ച സംഭവം: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാറമടയിൽ പ്രവേശനം; മൃതദേഹം കണ്ടെത്തിയത് 30 അടി താഴ്ചയിൽ നിന്ന്

by news_desk1
0 comments

പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച പുറത്ത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ചിത്രീകരണ സംഘം അപകടം നടന്ന പാറമടയിൽ പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പ് നിരവധി അപകടങ്ങൾ നടന്നതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നതായും അധികൃതർ അറിയിച്ചു.

ചാലക്കുടി സ്വദേശികളുടെ നേതൃത്വത്തിലുള്ള ഒരു ഏജൻസിക്കായിരുന്നു ചിത്രീകരണ ചുമതല. ഡൽഹി ആസ്ഥാനമായ വസ്ത്ര നിർമാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായാണ് നാലംഗ സംഘം കേരളത്തിലെത്തിയത്. ഇന്ന് പെരുന്നാൾ അവധിയായതിനാൽ ചിത്രീകരണത്തിനുള്ള ഔദ്യോഗിക അനുമതി അടുത്ത ദിവസം പഞ്ചായത്തിൽ നിന്ന് വാങ്ങാനിരിക്കെയായിരുന്നു സംഘം സ്ഥലത്തെത്തിയതെന്ന് കോടനാട് പൊലീസ് അറിയിച്ചു.

ചിത്രീകരണത്തിന് മുമ്പായി ലൊക്കേഷൻ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു വെള്ളത്തിലേക്ക് ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവാവ് ആഴത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു.

വിവരം ലഭിച്ചതോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നൂറിലധികം അടി താഴ്ചയും വിവിധ നിലകളിലായി രൂപപ്പെട്ട അപകടഭീഷണിയുള്ള പാറമടയിലായിരുന്നു തിരച്ചിൽ. ‘പാതാളക്കരണ്ടി’ ഉപയോഗിച്ചുള്ള തെരച്ചിലിനൊടുവിൽ ഏകദേശം 30 അടി താഴ്ചയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.

ഉടൻ തന്നെ യുവാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളും അനധികൃത പ്രവേശനവും സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്. മുമ്പും ഇവിടെ യുവാക്കൾ മുങ്ങിമരിച്ച സംഭവങ്ങൾ ഉണ്ടായതിനാൽ പ്രവേശനം നിരോധിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

You may also like