തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന അറിയിപ്പിനൊപ്പം മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിടരുതെന്ന് പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയതായാണ് വിവരം. അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്കും മറ്റ് അതിഥികള്‍ക്കും പ്രവേശനം അനുവദിക്കുന്നതും ശ്രദ്ധേയമായി.
സിഎംആര്‍എല്‍–എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും മറ്റ് കേന്ദ്രങ്ങളിലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ വിവാദം നിലനില്‍ക്കുന്നതിനിടെയാണ് മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇഡി പരിശോധനയെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെയും കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യം ഉന്നയിച്ചിട്ടും വി ഡി സതീശന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വേദികളിലായി പലതവണ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി മുന്നോട്ട് നടന്നത് വലിയ ചര്‍ച്ചയായിരുന്നു.
ഇഡി നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാരോപിച്ച് സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നുമാണ് പാര്‍ട്ടിയുടെ ആരോപണം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്‍ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് സിപിഐഎം വിമര്‍ശനം ശക്തമാക്കുന്നത്.
ഇതിനിടെ, പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നടത്തും. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന്റെ വികസന, ക്ഷേമ, സാമ്പത്തിക നയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികള്‍ക്ക് നയപ്രഖ്യാപനത്തില്‍ പ്രധാന പ്രാധാന്യം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെടുമോയെന്നതിലും രാഷ്ട്രീയ വൃത്തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
നിയമസഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വി ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.

