Home Top Storiesമത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും; നീണ്ടകരയിൽ ഇന്ത്യൻ നേവിയുടെ കൽപേനി ഷിപ്പ്

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും; നീണ്ടകരയിൽ ഇന്ത്യൻ നേവിയുടെ കൽപേനി ഷിപ്പ്

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്ടർ തിരച്ചിൽ കൂടുതൽ വ്യാപകമാക്കും. രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ ആശ്വാസവാക്കുകളല്ല തങ്ങൾക്ക് വേണ്ടതെന്നും കടൽമക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്.

നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിന് നാവികസേനാ സംഘം എത്തി. നേവി സംഘം എത്തിയ സാഹചര്യത്തിൽ തൽക്കാലം നിരാഹാര സമരം നടത്തില്ലെന്ന് ഗൗതമിന്റെ അമ്മ പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ കൽപേനി കപ്പൽ രക്ഷാദൗത്യത്തിനായി നീണ്ടകരയിലെത്തി. പ്രത്യേക ഡൈവിംഗ് സംഘവും കപ്പലിലുണ്ട്. ഇന്നലെ രാത്രിയാണ് കൽപേനി കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. നിലവിൽ നീണ്ടകരയിൽനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.

ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം കണ്ടെത്തുന്നതിനായി നാവികസേന മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപം മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും നിലയുറപ്പിച്ചിട്ടുണ്ട്. ബോട്ട് നിർദേശിക്കുന്ന സ്ഥലങ്ങളിൽ ഡൈവിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കും.

അതേസമയം, മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ഗൗരവമായ അന്വേഷണം നടന്നിട്ടില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. തിരച്ചിലിനായി ഒരു സംവിധാനവും സർക്കാർ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളോട് സർക്കാർ വലിയ അനീതി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാര്യങ്ങൾ പറയുമ്പോൾ ബിജെപിയും കോൺഗ്രസും സൈബർ ആക്രമണം നടത്തുമെന്നും ഓരോരുത്തർക്കും ഇത്രപേർ എന്ന നിലയിൽ ആളുകളെ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു.

You may also like