Home Blog‘എന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ് എ.കെ. ആന്റണി മടങ്ങിയത്’; നന്ദാവനം പൊലീസ് മർദനത്തിന്റെ ഓർമകൾ പങ്കുവച്ച് കെ.സി. വേണുഗോപാൽ

‘എന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ് എ.കെ. ആന്റണി മടങ്ങിയത്’; നന്ദാവനം പൊലീസ് മർദനത്തിന്റെ ഓർമകൾ പങ്കുവച്ച് കെ.സി. വേണുഗോപാൽ

by news_desk1
0 comments

തിരുവനന്തപുരം: കെ.എസ്.യു സ്ഥാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ സമരാനുഭവങ്ങൾ ഓർത്തെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം നേരിട്ട ക്രൂരമായ ലാത്തിച്ചാർജിന്റെ ഓർമകളാണ് അദ്ദേഹം സാമൂഹിക മാധ്യമ കുറിപ്പിലൂടെ പങ്കുവച്ചത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണി സന്ദർശിച്ച ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്. സന്ദർശനത്തിന് ശേഷം തന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ് ആന്റണി മടങ്ങിയതെന്നും ആ ഷർട്ട് ഉയർത്തിക്കാട്ടി നടത്തിയ വാർത്താസമ്മേളനം അന്നത്തെ സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നുവെന്നും കെ.സി. വേണുഗോപാൽ കുറിപ്പിൽ വ്യക്തമാക്കി.

കെ.എസ്.യു ഒരു സംഘടന മാത്രമല്ല, ഒരു വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി അവകാശങ്ങൾക്കായി സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ച കാലഘട്ടത്തിൽ നിരവധി ലാത്തിച്ചാർജുകളും മർദനങ്ങളും നേരിടേണ്ടിവന്നതായി അദ്ദേഹം ഓർമിപ്പിച്ചു. നന്ദാവനം സംഭവത്തിനുപുറമെ സെക്രട്ടേറിയറ്റിന് മുന്നിലും രാമനിലയത്തിലും കാലിക്കറ്റ് സർവകലാശാലയിലുമടക്കം നടന്ന സമരങ്ങളിൽ കെ.എസ്.യു നേതാക്കൾ കടുത്ത പൊലീസ് നടപടികൾക്ക് ഇരയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആ സമരങ്ങളുടെ വേദനയെക്കാൾ അഭിമാനകരമായത് നേടിയ വിജയങ്ങളാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. കേരള സർവകലാശാല ഒഴികെ സംസ്ഥാനത്തെ ഭൂരിഭാഗം സർവകലാശാലകളിലും അന്നത്തെ കാലഘട്ടത്തിൽ കെ.എസ്.യു വിജയക്കൊടി പാറിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ആറര പതിറ്റാണ്ടിലേറെ നീളുന്ന കെ.എസ്.യുവിന്റെ ചരിത്രത്തിൽ ജീവത്യാഗം ചെയ്ത പ്രവർത്തകരെയും അവരുടെ പോരാട്ടങ്ങളെയും സ്മരിച്ച അദ്ദേഹം, ആ ചരിത്രമാണ് സംഘടനയുടെ ശക്തിയെന്നും പറഞ്ഞു. ഇന്നും താൻ അഭിമാനത്തോടെ ഒരു കെ.എസ്.യു പ്രവർത്തകനാണെന്നും കെ.എസ്.യുവിനെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന എല്ലാ പ്രവർത്തകർക്കും സ്ഥാപകദിനാശംസകൾ അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

You may also like