തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ കാണാതായെന്ന പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. കാണാതായതായി പരാമർശിച്ച എല്ലാ ആഭരണങ്ങളും ക്ഷേത്രത്തിലെ ലോക്കറുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും താക്കോലുകൾ നമ്പിമാരുടെ കൈവശം ഭദ്രമായിരിക്കുകയാണെന്നും ഭരണസമിതി വ്യക്തമാക്കി.
ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ച ‘വൈര നാമം’ ഉൾപ്പെടെയുള്ള ആഭരണങ്ങൾ ക്ഷേത്ര ലോക്കറുകളിൽ തന്നെയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഭരണങ്ങൾ കാണാതായെന്ന കണ്ടെത്തലോടെ റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എഡിജിപി സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധവും തെറ്റായതുമാണെന്നാണ് ഭരണസമിതിയുടെ നിലപാട്.
പൊലീസ് റിപ്പോർട്ടിൽ നഷ്ടപ്പെട്ടതായി പറയുന്ന വൈര നാമവും വിളക്കും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ശ്രീകോവിലിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഭക്തർ സമർപ്പിച്ച സ്വർണനാണയങ്ങളുടെയും സ്വർണക്കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്ര രേഖകളിലുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
ചെമ്പകത്തിൻമൂട് നടവഴിയിലൂടെയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്നും ഭരണസമിതി വ്യക്തമാക്കി. ഭക്തർ, ജീവനക്കാർ, അതിഥികൾ ഉൾപ്പെടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരും പൊലീസ് സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് അകത്തുകയറുന്നതും പുറത്തുപോകുന്നതും. ചിലർ സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുവെന്ന പൊലീസ് വാദം അടിസ്ഥാനരഹിതമാണെന്നും ഭരണസമിതി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

