തിരുവനന്തപുരം: കേരള സർക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) സീനിയർ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിംഗ് ബിരുദവും സിവിൽ എൻജിനീയറിംഗ് മേഖലയിലെ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 45 വയസാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും. ആദ്യഘട്ടത്തിൽ ആറുമാസത്തേക്കാണ് നിയമനം. പ്രവർത്തന മികവും സ്ഥാപനത്തിന്റെ ആവശ്യകതയും പരിഗണിച്ച് കരാർ കാലാവധി പിന്നീട് നീട്ടാനും സാധ്യതയുണ്ട്.
അപേക്ഷകൾ ഓൺലൈൻ ഗൂഗിൾ ഫോം മുഖേന സമർപ്പിക്കണം. വിശദമായ ബയോഡാറ്റയും ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്. ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്ന് പരിശോധിക്കണം.

