Home Kerala‘ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’; കടുത്ത സൈബര്‍ ആക്രമണം നേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ, പിന്തുണയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്

‘ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’; കടുത്ത സൈബര്‍ ആക്രമണം നേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ, പിന്തുണയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്

by news_desk
0 comments

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത സൈബര്‍ ആക്രമണം. യുഡിഎഫ് – കോണ്‍ഗ്രസ് അനുകൂലികളിൽ നിന്നാണ് മന്ത്രിക്കെതിരെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ രീതിയിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയരുന്നത്. ഇനി വരുന്നൊരു തിരഞ്ഞെടുപ്പിൽ നിയമസഭ പോയിട്ട് ഒരു പഞ്ചായത്ത് വാർഡ് പോലും കാണില്ലെന്നാണ് മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വരുന്ന പ്രധാന കമന്റുകൾ. ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചു മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ലെന്ന തരത്തിലുള്ള കടുത്ത പ്രതികരണങ്ങളും ഇതിലുണ്ട്.

സൈബർ ആക്രമണങ്ങൾക്ക് പുറമെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ബിന്ദു കൃഷ്ണയുടെ ഈ സന്ദർശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ മുൻപ് വർഗീയ പരാമർശങ്ങൾ നടത്തിയ ഒരു നേതാവിനെ ഔദ്യോഗിക പദവിയിലിരിക്കെ കാണാൻ പോയത് തെറ്റായ നടപടിയാണെന്നും, മന്ത്രിയിൽ നിന്ന് കുറച്ചുകൂടി രാഷ്ട്രീയ മാന്യതകൾ പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി. പി. ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വലിയ രീതിയിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്ന ഇത്തരം ആളുകളെ കൃത്യമായ അകലം പാലിച്ചു നിർത്താൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ വിഷയത്തെ മുൻനിർത്തി കള്ളപ്രചാരണങ്ങളിലൂടെ മന്ത്രിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് ബിന്ദു കൃഷ്ണയെ വിട്ടുകൊടുക്കില്ലെന്നും ഏത് അറ്റം വരെയും അവരെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിഷ്ണു സുനിൽ വ്യക്തമാക്കി. മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ടെന്നത് വസ്തുതയാണെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തോട് മിണ്ടാനോ കാണാനോ പാടില്ലെന്ന ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് കൂടുതൽ അപകടകരമാണ്. മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ മാത്രമല്ല സന്ദർശിച്ചത്; ഇതിനോടകം എൻഎസ്എസ് ആസ്ഥാനം, കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങൾ, വിവിധ ഇസ്ലാം മത നേതാക്കൾ തുടങ്ങിയവരെയെല്ലാം അവർ നേരിട്ട് കണ്ടിട്ടുണ്ട്. ഇത് കേവലം പ്രീണനമല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like