കൊല്ലം : കൊല്ലം നഗരത്തിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ വിജു സുരേഷിനെ ചുറ്റിപ്പറ്റി ദുരൂഹതകൾ കനക്കുന്നു. ഇയാൾ ഒരു സീരിയൽ കില്ലറാണോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. കൊല്ലം കമ്മീഷണർ ഓഫിസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലാണ് വിജു സുരേഷ് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തമിഴ്നാട്ടിലെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
വാൽപ്പാറയിൽ നിന്ന് പിടിയിലായ വിജു സുരേഷ് സ്ഥിരം താമസസ്ഥലമില്ലാതെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞുനടന്ന് കുറ്റകൃത്യങ്ങൾ നടത്തുന്ന രീതിയാണ് പിന്തുടരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. പണം ആവശ്യപ്പെട്ട് ലഭിക്കാതിരുന്നാൽ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണത്തെ സങ്കീർണമാക്കുന്ന ഘടകമായി മാറിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ ലഭിക്കാത്തതും ഇയാളെ പിന്തുടരുന്നതിൽ പൊലീസിന് വെല്ലുവിളിയാകുകയാണ്.
ചരക്കുവാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതാണ് ഇയാളുടെ പതിവ് രീതി. വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലുമായി ഇയാൾ സഞ്ചരിച്ചിട്ടുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ കൊലപാതകങ്ങളും ദുരൂഹ മരണങ്ങളും വീണ്ടും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ കല്ലുവാതുക്കലിൽ നടന്ന വയോധികന്റെ കൊലപാതകത്തിലും വിജു സുരേഷിന് പങ്കുണ്ടോയെന്ന് അന്വേഷണമാരംഭിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫിസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാരിപ്പള്ളി തൊളിക്കോട് സ്വദേശിയായ രവീന്ദ്രൻ (65) മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടിരുന്നു. ഉറങ്ങിക്കിടക്കുന്നതിനിടെ തലയ്ക്കേറ്റ മാരകമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കേസ് കൊലപാതകമായി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
രണ്ടു കേസുകളിലെയും സാഹചര്യങ്ങളിൽ സാമ്യമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിജു സുരേഷിന്റെ സാന്നിധ്യവും യാത്രാമാർഗങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ സമാന രീതിയിൽ നടന്നിട്ടുള്ള കേസുകളുമായും ഇയാളെ ബന്ധിപ്പിക്കാനാകുമോയെന്നതും അന്വേഷണവിധേയമാണ്.
വിജു സുരേഷിന്റെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും പഴയ കേസുകളിലെ പങ്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തമിഴ്നാട് പൊലീസുമായും മറ്റ് ഏജൻസികളുമായും കേരള പൊലീസ് സഹകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ കൂടുതൽ ഗുരുതര കേസുകൾ പുറത്തുവരാനിടയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സൂചന.

