പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുടാങ്കിൽ പട്ടിയുടെ ജഡം കണ്ടെത്തി. ആരോ പട്ടിയെ കൊന്ന് ബോധപൂർവ്വം ടാങ്കിൽ തള്ളിയതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പൂർണ്ണമായും ആശ്രയിക്കുന്ന ടാങ്കാണിത്. ദിവസങ്ങളായി ഈ ടാങ്കിലെ വെള്ളമാണ് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം വെള്ളത്തിന് കടുത്ത രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ടാങ്ക് തുറന്ന് പരിശോധിക്കുകയായിരുന്നു.
പരിശോധനയിലാണ് ടാങ്കിനുള്ളിൽ അഴുകിത്തുടങ്ങിയ നിലയിൽ പട്ടിയുടെ ജഡം കണ്ടെത്തിയത്. കുടിവെള്ള സ്രോതസ്സിൽ ജഡം കണ്ടെത്തിയതോടെ വലിയ ആരോഗ്യഭീതിയിലാണ് പ്രദേശവാസികൾ. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കും.

