Home Nationalകോളേജ് വിദ്യാർഥികൾക്ക് എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും; നിർണായക നീക്കവുമായി കർണാടക സർക്കാർ

കോളേജ് വിദ്യാർഥികൾക്ക് എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും; നിർണായക നീക്കവുമായി കർണാടക സർക്കാർ

by news_desk1
0 comments

ബെംഗളൂരു: കർണാടകയിലെ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കോളേജുകൾ കേന്ദ്രീകരിച്ച് പ്രത്യേക ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പരിശോധനയും ബോധവൽക്കരണവും നടത്തുക. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയും കോളീജിയറ്റ് എഡ്യൂക്കേഷൻ വകുപ്പും ഇതിനായുള്ള നടപടികൾ ആരംഭിച്ചു.

വിദ്യാർഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ‘Know Your HIV Status’ എന്ന പേരിൽ ക്യുആർ കോഡ് അധിഷ്ഠിത മൊബൈൽ ആപ്പ് തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്.ഐ.വി ബോധവൽക്കരണം നടത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രത്യേക ആരോഗ്യ ക്യാമ്പുകളിലൂടെ പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കുന്നത്. പദ്ധതിയുമായി സഹകരിക്കണമെന്ന് എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥികൾക്കിടയിൽ രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ കർണാടകം മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ആകെ 2.6 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ടെന്നും, ഇതിൽ 54,000-ത്തിലധികം പേർക്ക് തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

18 മുതൽ 25 വയസ് വരെ പ്രായമുള്ളവരിൽ ഏകദേശം 7,000 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 18 മുതൽ 35 വയസ്സ് വരെയുള്ളവരിൽ രോഗവ്യാപനം വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2023–24 കാലയളവിൽ ഈ പ്രായവിഭാഗത്തിൽ 44,500 പേർക്കാണ് രോഗബാധ കണ്ടെത്തിയതെങ്കിൽ, 2025–26-ൽ അത് 66,000 ആയി ഉയർന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലഹരി ഉപയോഗവും രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളാണെന്നാണ് വിലയിരുത്തൽ. രോഗം നേരത്തേ കണ്ടെത്തുന്നതിലൂടെ ചികിത്സ വേഗത്തിൽ ആരംഭിക്കാനും രോഗവ്യാപനം കുറയ്ക്കാനും കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോളേജ് വിദ്യാർഥികൾക്കായി പരിശോധനയും കൗൺസിലിംഗും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

You may also like