Home Sportsബുംറ തിരിച്ചെത്തി, സാരാൻഷ് ജെയിൻ പുതുമുഖം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബുംറ തിരിച്ചെത്തി, സാരാൻഷ് ജെയിൻ പുതുമുഖം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

by news_desk
0 comments

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ സുപ്രധാന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ (BCCI) പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതരായ പ്രമുഖ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, മുൻനിര വേഗപ്പന്തുകാരൻ ജസ്പ്രീത് ബുംറ, യുവതാരം സായ് സുദർശൻ എന്നിവർ ഉപാധികളോടെ ടീമിലേക്ക് തിരിച്ചെത്തി. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് കായികക്ഷമത (Fitness) തെളിയിക്കുന്ന മുറയ്ക്കാവും ഇവർ അന്തിമ ഇലവന്റെ ഭാഗമാവുക.

അതേസമയം, പരിക്കിന്റെ പിടിയിലായ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ ആദ്യ ടെസ്റ്റിലേക്ക് പരിഗണിച്ചിട്ടില്ല. താരം ഫിറ്റ്നസ് വീണ്ടെടുത്താൽ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കും. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ്.

ശ്രീലങ്കൻ ‘എ’ ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും 6 വിക്കറ്റും നേടി തിളങ്ങിയ ഓഫ് സ്പിന്നർ സാരാൻഷ് ജെയിനാണ് ടീമിലെ പ്രധാന പുതുമുഖം. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 7 വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതാർ, കുൽദീപ് യാദവ് എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹർഷ് ദുബെയെ സെലക്ടർമാർ പരിഗണിച്ചില്ല.

ബുംറയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ എന്നിവരാണ് പേസ് നിരയിലുള്ളത്. ക്യാപ്റ്റൻ ഗില്ലിനൊപ്പം കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകും. വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തും ധ്രുവ് ജുറെലും സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ സമ്പൂർണ്ണ ജയം അത്യാവശ്യമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാമതും ശ്രീലങ്ക ആറാമതുമാണ്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ തിരിച്ചടിക്കു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പ്രധാന പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര അഭിമാനപ്രശ്നമാണ്. ഓഗസ്റ്റ് 7 മുതൽ ശ്രീലങ്കയിൽ നടക്കുന്ന ചതുർദിന പരിശീലന മത്സരത്തിന് ശേഷം, ഓഗസ്റ്റ് 15-ന് ഗാലെയിൽ ആദ്യ ടെസ്റ്റും ഓഗസ്റ്റ് 23 മുതൽ കൊളംബോയിൽ രണ്ടാം ടെസ്റ്റും ആരംഭിക്കും.

ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജൂറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരാൻഷ് ജെയിൻ.

You may also like