ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ഈ ദുരനുഭവം ഉണ്ടായത്.
വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്‌സ് വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം അറിയിച്ചു. സംഭവം നടന്ന ഉടൻ തന്നെ പരാതി എഴുതി ടിക്കറ്റ് ചെക്കർക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. തുടർന്ന് ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ വിഷയത്തിൽ ഐആർസിടിസിയുടെയും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ശ്രദ്ധ ക്ഷണിച്ചു.
പരിപ്പുവടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഫെവിക്വിക് ട്യൂബ് ശ്രദ്ധിക്കാതെ ശേഖർ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ പശ വായിലാകെ പടർന്നതായി പരാതിയിൽ പറയുന്നു. ഉടൻതന്നെ അദ്ദേഹം അത് വായിൽ നിന്ന് പുറത്തേക്ക് തുപ്പിക്കളഞ്ഞതായും സംഘാംഗങ്ങൾ വ്യക്തമാക്കി. തുടർന്ന് ശേഖർ ഐആർസിടിസിക്ക് പരാതി നൽകുകയും സാമൂഹിക മാധ്യമമായ എക്‌സിലൂടെ സംഭവം പങ്കുവെക്കുകയും ചെയ്തു.
ഈ ഭക്ഷണം ഒരു കുട്ടിക്കാണ് ലഭിച്ചിരുന്നതെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേനെയെന്ന് സംഘാംഗങ്ങൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം അറിയിച്ചു. ഐആർസിടിസിയും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
