മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് പൊലീസിന് അനുവദിച്ച സാവകാശം ജൂൺ 16 വരെ നീട്ടി ഹൈക്കോടതി. എറണാകുളം റൂറൽ പൊലീസ് മേധാവി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ജൂൺ 16 വരെ പെരുമ്പാവൂർ മുൻസിഫ് കോടതി പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും കോടതി നിർദേശിച്ചു.
കുടിയൊഴിപ്പിക്കൽ നടപടികൾ ജൂൺ 9നകം പൂർത്തിയാക്കണമെന്നായിരുന്നു പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ മുൻ ഉത്തരവ്. എന്നാൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മുൻസിഫ് കോടതി പ്രത്യേകമായി പുറപ്പെടുവിച്ച ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം റൂറൽ എസ്.പി. കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നാണ് ഹൈക്കോടതി സാവകാശം അനുവദിച്ചത്.
മെയ് 20-നാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനായി അധികൃതർ നടപടിയുമായി എത്തിയത്. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഭിഭാഷക കമ്മീഷണർ അഡ്വ. ജയപാലിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതോടെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പൊലീസ് ഇടപെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, പൊലീസ് അതിക്രമം നടന്നിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.
പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ മുമ്പും പലതവണ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ജനപ്രക്ഷോഭത്തെ തുടർന്ന് അവ പിന്മാറുകയായിരുന്നു. ഇത്തവണ നടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കമാണ് അധികൃതർ സ്വീകരിച്ചത്.
ഇതിനിടെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 50 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ വിഷയത്തിൽ അടുത്ത നിർണായക നീക്കങ്ങൾ ജൂൺ 16ന് ശേഷമാകും.

