Home Keralaസഹോദരീഭർത്താവിന്റെ നിയമനം വിവാദത്തിൽ; വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

സഹോദരീഭർത്താവിന്റെ നിയമനം വിവാദത്തിൽ; വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് സഹോദരീഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി ഉയർന്ന ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സണ്ണി ജോസഫിന്റെ സഹോദരീഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഈ നിയമനമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദത്തിന് വഴിവെച്ചത്. മുൻ ഇടത് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ബന്ധുനിയമനങ്ങളെ ശക്തമായി വിമർശിച്ചിരുന്ന യുഡിഎഫ് ഇപ്പോൾ സമാന സാഹചര്യത്തെ നേരിടുകയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

പികെ ശ്രീമതി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയ മുൻ മന്ത്രിമാരുടെ കാലത്തെ ബന്ധുനിയമന വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്. അതേസമയം, ബെന്നി തോമസിന്റെ നിയമനം രാഷ്ട്രീയ പ്രവർത്തന പരിചയവും പൊതുപ്രവർത്തന പശ്ചാത്തലവും പരിഗണിച്ചാണെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.

യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംഘടനകളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള ബെന്നി തോമസ് ഉളിക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ദീർഘകാല രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും ഭരണപരിചയവും കണക്കിലെടുത്താണ് നിയമനം നൽകിയതെന്നും ഓഫീസ് വിശദീകരിക്കുന്നു.

വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ആകെ 13 പേരെയാണ് നിയമിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് സണ്ണി ജോസഫിനൊപ്പം പ്രവർത്തിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ബന്ധുനിയമന ആരോപണം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും ചർച്ചയാകുന്നതിനിടെ, നിയമനത്തിന്റെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

You may also like