Home Localമഴക്കെടുതി; വീടിന് മുകളിലേക്ക് മരം കടപുഴകി വീണു, ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്ക്

മഴക്കെടുതി; വീടിന് മുകളിലേക്ക് മരം കടപുഴകി വീണു, ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്ക്

by news_desk1
0 comments

വടക്കഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്കേറ്റു. വടക്കഞ്ചേരി നഗരസഭയിലെ പരുത്തിപ്ര ഉന്നതിയിലാണ് സംഭവം.

പാലക്കുണ്ടിൽ വീട്ടിൽ മിനി (52)യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. വീടിനുള്ളിൽ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന് സമീപം നിന്നിരുന്ന വലിയ മരം കടപുഴകി ഓടുമേഞ്ഞ വീടിന് മുകളിലേക്ക് വീണത്. മരം വീണ ആഘാതത്തിൽ മേൽക്കൂരയിലെ ഓടുകൾ തകർന്നു താഴേക്ക് പതിക്കുകയും അതിന്റെ ഭാഗങ്ങൾ മിനിയുടെ തലയ്ക്ക് പരിക്കേൽപ്പിക്കുകയുമായിരുന്നു.

അപകടസമയത്ത് മിനി വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഇവരെ ഉടൻ തന്നെ വടക്കഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

മരം വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ഡിവിഷൻ കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തി.

You may also like